| Sunday, 5th September 2021, 12:57 pm

കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി നിപാ ലക്ഷണങ്ങള്‍; പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നേരത്തെ രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട രണ്ടുപേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്.

നിരീക്ഷണത്തിലായിരുന്ന ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നിപ ബാധിതനായി കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നും കുട്ടിയെ പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവ പരിശോധന നടത്താതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ വാര്‍ഡിനൊപ്പം പ്രത്യേക ലാബും ഐ.സി.യുവും ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിക്കുന്നത്. കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

വെറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തരടക്കം 17 പേര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല.

2018 ല്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി നിപ രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kozhikode Nipah updates, Health Minister Veena George

We use cookies to give you the best possible experience. Learn more