കോഴിക്കോട്: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
94 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്നും ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും വീണ ജോര്‍ജ് അറിയിച്ചു. ഇത് ആശ്വാസകരമായ സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണെന്നും വീണ ജോര്‍ജ് അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പരിശോധനകള്‍ നടത്തുന്നതെന്നും പുതുതായി ആര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയില്‍ കൃത്യമായി നിരീക്ഷണം നടത്താന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
നിപ നിയന്ത്രണവിധേയമാണെന്ന് കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രനും പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിപയെ നിയന്ത്രിക്കാനാകുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളില്ലെന്നും പുതുതയായി ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ ബാധിച്ച് മരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പായിരുന്നു.
രോഗം സ്ഥിരീകരിച്ച ശേഷം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം കുട്ടി മരണപ്പെടുകയായിരുന്നു. 251 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Health Minister Veena George says all the Nipah tests are negative