|

നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരും ആരോഗ്യപ്രവര്‍ത്തകര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 188 പേര്‍; തുടര്‍ ക്രമീകരണങ്ങള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയില്‍ നിപാ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളിലെ ക്രമീകരണങ്ങളെ കുറിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരും ആരോഗ്യപ്രവര്‍ത്തകരാണെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് ഒരു നിപാ കേസ് മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. നിപാ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 188 പേരാണുള്ളത്. 188 പേരില്‍ 100 പേര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും 36 പേര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍കത്തകരുമാണ്.

സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ് നിലവില്‍ ലക്ഷണങ്ങളുള്ളത്. ഇവര്‍ രണ്ട് പേരടക്കം സമ്പര്‍ക്കപ്പട്ടികയിലെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ ചികിത്സക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സജ്ജീകരണത്തിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പ്രതിരോധം, ചികിത്സ എന്നിവക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 0495 238500, 238200 എന്നീ നമ്പറുകളില്‍ നിപാ കോള്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്താനും കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കാനും അറിയിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് അറിയിച്ചു.

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ വൈറസ് പരിശോധനക്കുള്ള സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യഘട്ട പരിശോധനക്കുള്ള സംവിധാനം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമെത്തി ചെയ്തുതരുമെന്നും ഇതില്‍ പോസിറ്റീവാകുന്ന സാമ്പിളുകള്‍ പൂനെയിലേക്ക് അയക്കുമെന്നും 12 മണിക്കൂറിനുള്ളില്‍ ഇവയുടെ പരിശോധനാഫലം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
നിപാ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ സ്‌റ്റോക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വീട്ടില്‍ എത്തിയവര്‍, സമീപത്തെ മരണം തുടങ്ങിയവ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നിപായെ നേരിടുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ യോഗം മന്ത്രി വിളിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് മണിക്കായിരിക്കും യോഗം നടക്കുക.

ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിക്കുന്നത്. കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കുട്ടി മരിച്ചതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നും കുട്ടിയെ പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവ പരിശോധന നടത്താതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നാണ് വീണ ജോര്‍ജ് അറിയിച്ചിട്ടുള്ളത്.

2018 ല്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി നിപ രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kozhikode Nipah, Health Minister Veena George gives update