കോഴിക്കോട്: കോഴിക്കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. യോഗത്തിലെ അജണ്ടയെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് അംഗം നിയാസിന് മര്‍ദ്ദനമേറ്റു.
മെഡിക്കല്‍ കോളേജ് ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കുന്ന വിഷയത്തിലായിരുന്നു തര്‍ക്കം. വളരെ സമാധാനപരമായി കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കവേയാണ് കരാറുകളുമായി ബന്ധപ്പെട്ട ചില അജണ്ടകള്‍ യോഗത്തില്‍ വന്നത്. ഇതില്‍ അജണ്ട 9 ലാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വലിയ തോതിലുള്ള സംഘര്‍ഷത്തിലേക്ക് ഇത് നീങ്ങുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് പുതുക്കുന്ന ലൈസന്‍സ് കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് നല്‍കാന്‍ ശ്രമമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ അജണ്ട യോഗത്തില്‍ നിന്നും മാറ്റിവെക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തിയതോടെയാണ് വിഷയം കയ്യാങ്കളിയില്‍ കലാശിച്ചത്.
ഇവിടെ എല്‍.ഡി.എഫ് നേതാക്കളെ കണ്ട് കൊടുക്കേണ്ടത് കൊടുത്താല്‍ മാത്രേ ലൈസന്‍സ് അടക്കം പുതുക്കാന്‍ കഴിയു എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നതെന്നും 20 വര്‍ഷക്കാലം ലൈസന്‍സ് ഹോള്‍ഡറായി ഇരിക്കുന്ന വ്യക്തിക്കാണ് ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് കൗണ്‍സില്‍ അംഗം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും ഡി.സി.സി അംഗവുമായ കെ.സി അബുവിന്റെ മരുമകനാണ് ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് നേതാവിന്റെ മരുമകനാണ് എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ അദ്ദേഹത്തിന് കൊടുക്കാനുള്ള ഒരു ലൈസന്‍സ് കൊടുക്കാതെ മാറ്റിവെച്ചിരിക്കുന്നത്.
ഇത് ചോദ്യം ചെയ്യുന്ന സമയത്ത് സി.പി.ഐ.എം നേതാവ് ബാബുരാജ് ഞങ്ങളുടെ നേതാവായ നിയാസിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇങ്ങനെ ഒരു അക്രമമാര്‍ഗത്തിലൂടെ കൗണ്‍സില്‍ യോഗം മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ ശക്തിയുക്തം അതിനെ എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്. അതേസമയം അനുഭാവികള്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള കരാര്‍ നല്‍കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.ഐ.എം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kozhikode Municipal Council meeting Conflict