കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ അന്വേഷണ സംഘം ടി.വി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്. വാര്‍ത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴി സംഘം ശേഖരിച്ചു.
അന്വേഷണം എത്രയും പെട്ടന്ന് തീര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.
സംഭവത്തില്‍ കഴിഞ്ഞ ദിവസം രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തിയിരുന്നു. കളക്ടറുടെ ചേംബറില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ദല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ എം.കെ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ഹിന്ദി ചാനല്‍ ടി.വി 9 ഭാരത് പുറത്ത് വിട്ടത്.
ഇതുമായി ബന്ധപ്പെട്ട് എം.കെ രാഘവനെതിരെ രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എം.കെ രാഘവന്റെ പരാതിയാണ് മറ്റൊന്ന്.