|

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് അഞ്ചുമണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.

കണ്ടയിന്റമെന്റ് സോണുകളില്‍ ഒരു വിധത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു.

കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ 100 ബെഡുകളുള്ള എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും. ഓരോ പൊലീസ് സ്റ്റേഷനുകളിലും കൊവിഡ് പട്രോളിംഗ് ടീമിനെ നിയോഗിക്കും. നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയില്‍ 1271 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 407 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്ക് പോസിറ്റീവായി.

1246 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. 18 പേരുടെ ഉറവിടം വ്യക്തമല്ല. 8203 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 407 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1921 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23371 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 358787 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 126 പേര്‍ ഉള്‍പ്പെടെ 557 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോടും മലപ്പറത്തുമാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kozhikode more covid restrictions may impose