| Wednesday, 17th February 2021, 8:49 pm

കാത്തിരിപ്പിന് വിരാമം; കോഴിക്കോട് ആധുനികവല്‍ക്കരിച്ച കൈരളി/ ശ്രീ തിയേറ്ററുകള്‍ വ്യാഴാഴ്ച തുറക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയിലെ സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി കോഴിക്കോട്ടെ കൈരളി / ശ്രീ തിയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ആധുനികവല്‍ക്കരിച്ച തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം 18ാം തിയ്യതി വൈകീട്ട് 4 മണിക്ക് നിയമസാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും.

ചലച്ചിത്ര ആസ്വാദകര്‍ക്ക് നവ്യമായ ചലച്ചിത്രാനുഭവം അതിന്റെ എല്ലാ മിഴിവോടെയും പ്രദാനം ചെയ്യുന്നതിനായി ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളാണ് കെ.എസ്.എഫ്.ഡി.സി ഒരുക്കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.

7 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനികവത്കരിച്ച തിയേറ്ററുകളില്‍ ബാര്‍കൊ 4കെ ജിബി ലേസര്‍ പ്രൊജക്ടര്‍, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിള്‍ ബീം 3 ഡി, ആര്‍ ജി ബി ലേസര്‍ സീന്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മനോഹരമായി ഒരുക്കിയിട്ടുള്ള വിശാലമായ ലോബി, പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, ബുക്ക്സ്റ്റാള്‍, ലളിതകലാ അക്കാദമിയുടെ പെയിന്റിംഗ് ഗാലറി, ഫീഡിംഗ് റൂം, വി ഐ പി ലോഞ്ച്, സിനിമാ ടിക്കറ്റിനൊപ്പം വാഹനപാര്‍ക്കിംഗ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

മന്ത്രി ടി പി രാമകൃഷ്ണന്‍, എം പി മാരായ എം കെ രാഘവന്‍, എളമരം കരീം, എം വി ശ്രേയാംസ്‌കമാര്‍, എം.എല്‍.എ മാരായ എം.കെ മുനീര്‍, എ പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

ചടങ്ങിനോടനുബന്ധിച്ച് ചലചിത്ര മേഖലയ്ക്ക് തനതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കോഴിക്കോട് നിവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍, കോഴിക്കോട് കൈരളി/ശ്രീ തിയ്യേറ്ററില്‍ നിന്നും വിരമിച്ച ജീവനക്കാര്‍, കെ എസ് എഫ് ഡി സി ഭരണസമിതി അംഗങ്ങളായ പത്മശ്രീ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മനോജ് കാന, തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറുകാര്‍ എന്നിവരെ ആദരിക്കും.

ഉദ്ഘാടന ചടങ്ങിനു ശേഷം ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച ‘1917’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുക. പിന്നീട് ഫെബ്രുവരി 19 മുതല്‍ രണ്ടു തിയേറ്ററുകളിലും പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kozhikode modernized Kairali / Sree theaters will open on Thursday

We use cookies to give you the best possible experience. Learn more