കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന് വേണ്ടി നടത്തിയ പ്രസംഗത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.
തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറുകയും തുടര്‍ന്ന് ഡി.ജി.പി കോഴിക്കോട് പൊലീസ് സ്റ്റേഷന് ഇത് കൈമാറുകയുമായിരുന്നു.
പരാതിയില്‍ ഷമ മുഹമ്മദിനെതിരെ ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. മലബാറില്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ഉണ്ടെന്നും ഷാഫി പറമ്പിലിന് പകരം വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നു എന്നും ഷമ പറഞ്ഞിരുന്നു.
സംവരണ സീറ്റ് ആയതിനാലാണ് ആലത്തൂരില്‍ രമ്യ ഹരിദാസനെ പരിഗണിച്ചതെന്നും അല്ലായിരുന്നെങ്കില്‍ അവരെയും തഴഞ്ഞേനെ എന്നും ഷമ കുറ്റപ്പെടുത്തിയിരുന്നു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന ആരോപണത്തോടൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷമ മുഹമ്മദ് ഉന്നയിച്ചിരുന്നത്. പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകളെ സ്റ്റേജില്‍ ഇരുത്താന്‍ പോലും നേതാക്കള്‍ തയ്യാറാകാറില്ലെന്ന് ഷമ കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: Kozhikode Medical College Police registered a case against Congress National Spokesperson Shama Muhammad for hate speech