സൂററ്റില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നതോടെ; നായ്ക്കളെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ കഴിയണം: കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്
Kerala News
സൂററ്റില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നതോടെ; നായ്ക്കളെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ കഴിയണം: കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th September 2022, 8:03 pm

കോഴിക്കോട്: നായ്ക്കളെ കൊല്ലുകയെന്നതല്ല തെരുവുനായ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സൂററ്റില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോഴാണെന്നും അവര്‍ പറഞ്ഞു. മീഡിയവണ്‍ ചാനലുമായി സംസാരിക്കുകയായിരുന്നു മേയര്‍. നായകളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് കഴിയണമെന്ന് ബീന ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

‘തെരുവുനായ്ക്കളെ കൊല്ലുകയെന്നതല്ല പ്രശ്‌ന പരിഹാരം. നായകള്‍ ലോകത്ത് അവയുടേതായ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും നമ്മളത് അറിയാതെ പോകുന്നുണ്ട്. മനുഷ്യരും നായ്ക്കളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമുക്ക് കഴിയണം.

ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായകള്‍. ആ രീതിയില്‍ അവയെ കണ്ട് പരിപാലിക്കാന്‍ നമുക്ക് സാധിക്കണം. നായ്ക്കളെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ നമുക്ക് കഴിയണമെന്നാണ് ഈ അവസ്ഥയില്‍ എല്ലാവരോടും പറയാനുള്ളത്. അതിന് സാധിക്കാതെ വരുമ്പോഴാണ് മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുന്നത്,’ ബീന ഫിലിപ്പ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസവും കോഴിക്കോട് തെരുവ് നായയുടെ ആക്രമണമുണ്ടായി. അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.

സൈക്കിളില്‍ വീടിന്റെ ഗേറ്റിന് സമീപം നില്‍ക്കുന്ന നൂറാസിന് നേരെ തെരുവ് നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപത്ത് വെച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റത്.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ ഇന്നലെ തെരുവ് നായ കടിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെല്ലിക്കുന്നം വാര്‍ഡ് മെമ്പറായ ആര്‍. ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.