| Wednesday, 17th November 2021, 1:42 pm

അരിമണി പുഴുവെന്ന് തെറ്റിദ്ധരിച്ചു; ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അരിമണി പുഴുവാണെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിലെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്. 8 കിലോ അരിയുടെ ബിരിയാണിയാണ് ഇയാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.

പാര്‍സല്‍ വാങ്ങിച്ച ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയെന്നാരോപിച്ച് ഇയാള്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഹോട്ടലുടമ ബിരിയാണി പരിശോധിക്കുകയും എണ്ണയില്‍ പൊരിഞ്ഞ അരിമണി കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന യുവാവ് രാമനാട്ടുകര നഗരസഭയില്‍ എത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ ബിരിയാണിയടങ്ങിയ ചെമ്പ് റോഡിലേക്കെറിഞ്ഞത്.

ഇതേതുടര്‍ന്ന് ഹോട്ടലുടമ പൊലീസിനെ വിളിക്കുകയും പൊലീസെത്തി ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പുഴുവല്ല അരിമണിയാണെന്ന് കണ്ടെത്തിയതായും യുവാവിന്റെ പരാതിയില്‍ കഴമ്പില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more