മനുഷ്യത്വം എന്നൊന്നില്ലേ? ജസ്പ്രീതിന്റെ പ്രിയപ്പെട്ടവര്‍ ചോദിക്കുന്നു
അന്ന കീർത്തി ജോർജ്

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സംസാരിക്കുന്നു.

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജസ്പ്രീത് സിംഗ് ഞായറാഴ്ച ആത്മഹത്യ ചെയതത് വലിയ നടുക്കമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഹാജര്‍ കുറഞ്ഞത് മൂലം അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാനാകാതെ വന്നതോടെ സെമസ്റ്ററില്‍ നിന്നും പുറത്താവുകയായിരുന്നു. ഇതാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ക്കായി പഞ്ചാബിലേക്ക് പോകണ്ടി വന്ന ജസ്പ്രീതിന് ദല്‍ഹിയിലെ പ്രക്ഷോഭവും മറ്റു പ്രശ്നങ്ങളും മൂലം കൃത്യസമയത്ത് തിരിച്ചെത്താനായില്ലെന്ന ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം ലീവെടുക്കേണ്ടി വന്ന ജസ്പ്രീതിന്റെ അറ്റന്‍ഡന്‍സ് 68 ശതമാനത്തിലേക്ക് കുറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി നിയമപ്രകാരം പരീക്ഷയെഴുതാന്‍ കഴിയാതെ അവസാന സെമസ്റ്ററില്‍ നിന്ന് പുറത്തായി. മുന്‍പത്തെ രണ്ട് സെമസ്റ്ററുകളില്‍ ഹാജര്‍ കുറവായത് മൂലം കണ്ടോണേഷന്‍ ഫീ അടച്ചാണ് പരീക്ഷ എഴുതിയതിയത്. അതിനാല്‍ മൂന്നമതൊരു തവണ് അവസരമുണ്ടായിരുന്നില്ല.

ജസ്പ്രീതിന്റെ മാതാപിതാക്കള്‍ ചെന്ന് ലീവ് വരാനിടയായ സാഹചര്യം ബോധിപ്പിച്ച ശേഷവും അധ്യാപകര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. വേണെമെങ്കില്‍ പഞ്ചാബില്‍ പോയി പഠിക്കൂ എന്നാണ് അധ്യാപകര്‍ പറഞ്ഞതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ജസ്പ്രീതിന്റെ മരണത്തിന് ഉത്തരവാദി അധ്യാപകരും പ്രിന്‍സിപ്പാളുമാണെന്നും അവര്‍ തങ്ങളോട് മാപ്പ് പറയാനെങ്കിലും തയ്യാറാകണമെന്നും സഹോദരി മനിഷ കൗര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അനുജന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും മനിഷ പറഞ്ഞു. വീട്ടിലേക്ക് വന്ന് കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ കോളേജില്‍ നിന്ന ഒരു അധ്യാപകന്‍ പോലും വന്നില്ലെന്നും അവര്‍ പറഞ്ഞു.

പൊതുവെ നടക്കുന്ന നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും അധ്യാപകരുടെ ഭാഗത്ത് നിന്ന പിഴവൊന്നും വന്നിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയനും കെ.എസ്.യുവും സംഭവത്തില്‍ അന്വേഷണം വേണമെന്നും കാരണക്കാരയായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധപ്രകടനങ്ങളും നടത്തി.

‘അവസാന സെമസ്റ്ററായിരുന്നു. അവന് 68 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായിരുന്നു. വെറും ആറ് ശതമാനത്തിന്റെ കുറവ് മാത്രമാണുണ്ടായിരുന്നത്. നിയമപരമായി അധ്യാപകര്‍ ചെയ്തതെല്ലാം ശരിയാണ്. പക്ഷെ മാനുഷിക പരിഗണന എന്നൊന്നില്ലേ?’. എന്നൊന്നില്ലേ?,’ സുഹൃത്തായ നിഹാല്‍ പറഞ്ഞു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.