‘ജീവിക്കാന്‍ വേണ്ടിയാണ് രണ്ട് ലക്ഷം രൂപ മുടക്കി ഞാന്‍ കട തുടങ്ങിയത്. മാളിന്റെ മുന്‍ഭാഗത്തായതുകൊണ്ട് സാധാരണ തട്ടുകടപോലെ ആവരുതെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് കട കുറച്ചുകൂടി ഭംഗിയാക്കാന്‍ കുറച്ചധികം പണം ചിലവായി. മാസം തോറും പന്ത്രണ്ടായിരം രൂപ വാടകയിനത്തില്‍ അടയ്ക്കുകയും ചെയ്തിരുന്നതാണ്. എല്ലാം വെറുതെയായി. ഇപ്പോള്‍ കട പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്’, മഹിള മാളിലെ യുവ സംരംഭകയായിരുന്ന ഷഫീജയുടെ വാക്കുകളാണിത്.
ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ മഹിള മാളില്‍ സംരംഭങ്ങള്‍ തുടങ്ങിയ പലര്‍ക്കും ഇത് തന്നെയാണ് പറയാനുള്ളത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മഹിളമാള്‍ അടച്ചു പൂട്ടാന്‍ കുടുംബശ്രീ യൂണിറ്റ് തീരുമാനമെടുത്തത്. ഷഫീജയെപ്പോലെ നിരവധി പേര്‍ക്കാണ് സ്വന്തം സംരംഭമെന്ന സ്വപ്‌നങ്ങള്‍ ഈ തീരുമാനത്തോടെ ഇല്ലാതായത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മാളില്‍ കട തുടങ്ങിയ പലരും.
2018 നവംബര്‍ 24 നാണ് മഹിള മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്നിപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട ഈ മാളിന് കോഴിക്കോട് കോര്‍പ്പറേഷന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു.
കോര്‍പ്പറേഷന്റെ സി.ഡി.എസിനു കീഴിലുള്ള യൂണിറ്റി ഗ്രൂപ്പ് എന്ന സമിതിയാണ് മാള്‍ ലീസിനെടുത്തത്. പത്ത് വനിതകളാണ് ഈ സമിതിയില്‍ ഉള്ളത്. എന്നാല്‍ ഏറെ വിജയപ്രതീക്ഷകളോടെ തുടങ്ങിയ ഈ സംരംഭത്തിനാണ് ഇപ്പോള്‍ പൂട്ട് വീണിരിക്കുന്നത്.
മുന്നോട്ട് പോകാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഞങ്ങള്‍; യൂണിറ്റി ഗ്രൂപ്പ്
‘2018 നവംബര്‍ 24 നാണ് മാളിന്റെ ഉദ്ഘാടനം നടന്നത്. ആ മാസം കഴിഞ്ഞപ്പോള്‍ തന്നെ ഷോപ്പ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായ വാടക തരാത്തതായി. ഇതായിരുന്നു പ്രതിസസന്ധിയുടെ തുടക്കം. ആദ്യ ഘട്ടത്തില്‍ 79 ഓളം കടകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ മുതല്‍ തന്നെ നാലഞ്ച് കടയുടമകള്‍ മറ്റുള്ളവരോടും വാടക കൊടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. നിവൃത്തിയില്ലാതായപ്പോള്‍ കോര്‍പ്പറേഷനില്‍ നിന്ന് ഇവരെ വിളിക്കുകയും വാടക നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനൊന്നും ഇവര്‍ തയ്യാറായില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്, മാളിന്റെ ഉടമസ്ഥന് ഞങ്ങള്‍ വാടക കൊടുക്കേണ്ട സാഹചര്യമായിരുന്നു. അന്ന് ഷോപ്പുകാരില്‍ നിന്ന് ഏകദേശം 38 ലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്- യൂണിറ്റി ഗ്രൂപ്പ് പ്രസിഡന്റ് കെ.ബീന ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
13 ലക്ഷം രൂപ മുടക്കിയാണ് ഞങ്ങള്‍ ഈ മാള്‍ ലീസിനെടുത്തത്. കറന്റ് ബില്ല്, ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി പേരേ നിയമിക്കുകയും ചെയ്തിരുന്നു. അവര്‍ക്കൊക്കെ കൃത്യമായി ശമ്പളം കൊടുക്കണമല്ലോ. ജനുവരി, ഫെബ്രുവരി സമയത്തൊക്കെ ഒരു രൂപ പോലും വാടകയിനത്തില്‍ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യാനാണ്? മാളിന്റെ വാടകയിനത്തില്‍ ഒരു ഭീമമായ തുക കൊടുക്കാനുണ്ട്. വാടക കിട്ടിയാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുള്ളുവെന്ന സാഹചര്യത്തിലാണ് ഞങ്ങള്‍. ലോണ്‍ എടുത്താണ് മാള്‍ ലീസിനെടുക്കാന്‍ ഞങ്ങള്‍ പത്ത് പേര്‍ മുന്നോട്ട് വന്നത്. വാടക പ്രശ്‌നം വന്നതോടെ ചില ഷോപ്പ് ഉടമകളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഞങ്ങളും പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. ചിലര്‍ക്ക് ഷോപ്പ് തുറന്നു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു എന്നാല്‍ അവര്‍ ഇപ്പോള്‍ പറയുന്നത് കോടതിയില്‍ പോയി ബാക്കി തീരുമാനിക്കാം എന്നാണ്’- ബീന പറഞ്ഞു.
മഹിള മാള്‍ ലീസിനെടുത്ത പത്തംഗ സമിതിയുടെ പ്രസിഡന്റാണ് ബീന. ഈ പത്തംഗങ്ങളും സാധാരണ സ്ത്രീകളാണെന്നും പലയിടത്തു നിന്നും ലോണും കടവും വാങ്ങിയാണ് ഈ പത്തു പേരും മഹിളമാള്‍ എന്ന സംരംഭത്തിനായി മുന്നോട്ട് വന്നതെന്നും ബീന പറയുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായി പൂട്ടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളെന്നും ബീന സൂചിപ്പിക്കുന്നു.
മാളിനുള്ളിലെ ചില സംരംഭകര്‍ സ്ഥിതി വഷളാക്കി
മാളിനുള്ളില്‍ ഒരു വിഭാഗം വാടക കൃത്യമായി കൊടുത്തിരുന്നില്ല. അതിന് അവര്‍ പറഞ്ഞ മറുപടി ഷോപ്പില്‍ വേണ്ടത്ര കച്ചവടം നടക്കുന്നില്ലെന്നും അതുകൊണ്ട് വാടക തരാന്‍ കഴിയില്ലെന്നുമാണ്. കച്ചവടം വേണ്ടത്ര രീതിയില്‍ നടക്കുന്നില്ലെന്നത് ശരിയാണ്. അത് ശ്രദ്ധിക്കാന്‍ മാള്‍ ഏറ്റെടുത്ത സമിതിയുടെ ഭാഗത്ത് നിന്നും നടപടികളുണ്ടായിട്ടില്ല. പിന്നീട് വാടകയുടെ പേരില്‍ രണ്ട് കൂട്ടര്‍ തമ്മില്‍ വാശിയിലായി. അതാണ് ഇപ്പോള്‍ ഈ സ്ഥിതിയില്‍ എത്തിച്ചത്- ഷഫീജ ഡ്യൂള്‍ ന്യൂസിനോട് പറഞ്ഞു.
‘പുറത്ത് വേറൊരു മാളില്‍ ഒരു കട എടുത്താല്‍ സ്വാഭാവികമായും വാടക കൊടുക്കേണ്ടി വരില്ലേ. നമുക്ക് കച്ചവടം മോശമാണ് അതുകൊണ്ട് വാടക തരാന്‍ പറ്റില്ലെന്ന് അവിടെ പറയാന്‍ പറ്റില്ലല്ലോ. ഇതേ പ്രശ്‌നമാണ് മഹിള മാളിന്റെ കാര്യത്തിലും സംഭവിച്ചത്. കുടുംബശ്രീയുട പേരിലാണ് മഹിള മാള്‍ പ്രശസ്തിയാര്‍ജിച്ചതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ മഹിള മാളിന് ഇല്ല. ആ സാഹചര്യത്തില്‍ കൃത്യമായി വാടക കൂടി കിട്ടാതെ വരുമ്പോള്‍ സ്വാഭാവികമായും മാള്‍ നടത്തുന്നവര്‍ക്കല്ലേ സാമ്പത്തിക ബാധ്യത കൂടുന്നത്. ഇതൊക്കെയാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു- ഷഫീജ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ഷോപ്പില്‍ അത്യാവശ്യം കച്ചവടമൊക്കെ ഉണ്ടായിരുന്നു. ഒരുപാട് ലാഭമൊന്നും കിട്ടിയിട്ടില്ല. ഷോപ്പ് പുറത്തായതുകൊണ്ട് വഴിയാത്രക്കാരൊക്കെ സാധനങ്ങള്‍ വാങ്ങുമായിരുന്നു. പിന്നെ ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഷോപ്പ് അടക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ മാര്‍ച്ച് 10 നാണ് അവസാനം കട തുറന്നത്. പിന്നീട് കൊവിഡും ലോക്ഡൗണും ആയപ്പോള്‍ പൂര്‍ണ്ണമായി അടക്കേണ്ടി വന്നു.
മഹിള മാളിനായി തെരഞ്ഞെടുത്ത സ്ഥലം കച്ചവട സാധ്യത കുറച്ചു
മാളിന് മുന്നിലൂടെ കടന്നു പോകുന്നത് വണ്‍ വേയാണ്. രണ്ട് ഭാഗത്ത് നിന്നും ആള്‍ക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന പ്രദേശമായിരുന്നെങ്കില്‍ കച്ചവടം കുറയില്ലായിരുന്നുവെന്നാണ് മാളിലെ ഷോപ്പുടമയായ ഷഫീജ പറയുന്നത്.
ബാലുശ്ശേരി, കക്കോടി ഭാഗത്തേക്ക് പോകുന്ന ആള്‍ക്കാര്‍ മാളിലേക്ക് കയറാന്‍ വേണ്ടി മാത്രം ഇവിടെ ഇറങ്ങണം. തിരിച്ചുപോകണമെങ്കില്‍ ഓട്ടോറിക്ഷ വിളിച്ച് അപ്പുറത്തുള്ള റോഡിലേക്ക് പോകണം. അങ്ങനെയൊരു സ്ഥലത്ത് മാള്‍ വിജയിക്കില്ല. ആള്‍ക്കാര്‍ക്ക് എളുപ്പത്തില്‍ പോകാനും വരാനുമുള്ള സൗകര്യമില്ലാത്തത് തന്നെയാണ് കച്ചവടം കുറയാനും കാരണം.
മറ്റൊന്ന് കോഴിക്കോട് ടൗണില്‍ തന്നെ പ്രശസ്തമായ നിരവധി മാളുകളുണ്ട്. പലരും മഹിള മാളിനെ കുടുംബശ്രീക്കാര്‍ നടത്തുന്നുവെന്ന നിലയില്‍ രണ്ടാംതരമായി കണ്ടു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയല്ല മാളിലുള്ളത്. എല്ലാത്തിനും അത്യാവശ്യം നല്ല വിലയുണ്ട്. ഇത് സാധാരണക്കാര്‍ മാളിലേക്ക് കയറുന്നത് വളരെ കുറയാന്‍ കാരണമായി- ഷഫീജ പറഞ്ഞു.
ഭരണസമിതിയെന്ന പേരേ ഉള്ളു, ഞങ്ങളും സാധാരണ സ്ത്രീകളാണ്
സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനും അവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമുണ്ടാക്കാനുമാണ് ഞങ്ങള്‍ പത്ത് പേര്‍ ഈ സംരംഭത്തിനായി ഇറങ്ങിയത്. ഇപ്പോള്‍ പത്രങ്ങളിലും ടി.വിയിലും വരുന്ന വാര്‍ത്തകള്‍ വീട്ടിലും മനസ്സമാധാനമില്ലാതാക്കി. സാധാരണക്കാരായ പത്ത് സ്ത്രീകള്‍ ചേര്‍ന്ന ചേര്‍ന്ന ഭരണ സമിതിയാണ് യൂണിറ്റി ഗ്രൂപ്പ്. മാളിന്റെ ഉടമസ്ഥനില്‍ നിന്ന് ഈ കെട്ടിടം വാങ്ങി, അതിന് ആവശ്യമായ ഇന്റീരിയര്‍ ചെയ്ത്, സംരംഭകര്‍ക്ക് നല്‍കി. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ അല്ല കാര്യങ്ങള്‍ മുന്നോട്ട് പോയത്. കോടതി ഇടപെട്ട് തീരുമാനമുണ്ടാക്കുമെന്നാണ് പരാതിക്കാരായ ചില ഷോപ്പുടമകള്‍ പറയുന്നത്. ഇനി ആ വഴി തന്നെ കാര്യങ്ങള്‍ നടക്കട്ടെ എന്നാണ് ഞങ്ങളുടെയും അഭിപ്രായമെന്ന് യൂണിറ്റി ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ കെ. ബീന പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ