| Saturday, 2nd November 2019, 9:27 am

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്ന് പൊലീസ്; കോഴിക്കോട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; യു.എ.പി.എ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് പന്തീരങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മല്‍ അങ്ങാടിക്ക് സമീപം മൂന്ന് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ കയ്യില്‍ നിന്നും മാവോവാദി ലഘുലേഖ പിടിച്ചെടുത്തെന്നും പൊലീസ് പറയുന്നു. മാവോവാദി വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടില്‍ സി.പി.എം മാവോവാദി പശ്ചിമഘട്ട പ്രത്യേക മേഖല വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് പിടികൂടിയത് എന്നായിരുന്നു പൊലീസ് ഭാഷ്യം.

ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം (യു.എ.പി.എ) ചുമത്തിയിട്ടുണ്ട്. യു.എ.പി.എയിലെ 20,32, 39 വകുപ്പുകളാണ് ചുമത്തിയത്.

യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍ അനിതയുടെ ചേംബറില്‍ ഹാജരാക്കിയ ഇരുവരേയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ്നടത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമം ചുമത്തിയതിനെതിരെ സി.പി.ഐ.എം നേതാക്കളും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി.

നടന്നിരിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് അലന്റെ പിതാവ് ശുഹൈബ് പ്രതികരിച്ചു. സി.പി.ഐ.എം അംഗമാണ് അലന്‍ എന്നും ശുഹൈബ് പറഞ്ഞു.

തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ല. ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്നലെ വൈകീട്ട് വീട്ടിലെത്തി തിരച്ചില്‍ നടത്തിയിരുന്നു.

പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം ആറ് മണിക്കാണ് അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ അടുത്ത് വന്നത് പുലര്‍ച്ചെ നാല് മണിക്കാണ്’- അമ്മ പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എല്‍.എല്‍.ബിയ്ക്ക് പഠിക്കുകയാണ് അലന്‍. സി.പി.ഐ.എം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് അംഗമാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ്.

ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകനാണ്. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ചതാണ് ഇരുവര്‍ക്കുമെതിരായ കേസിനാധാരം. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. യു.എ.പി.എ ചുമത്താനുള്ള സാഹചര്യവും മുഖ്യമന്ത്രി ആരാഞ്ഞു.

എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാന്‍ ഉത്തരമേഖല ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ യു.എ.പി.എ പിന്‍വലിക്കാനാവില്ലെന്നാണ് ഐ.ജി അശോക് യാദവിന്റെ പ്രതികരണം. യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും ഐജി പറഞ്ഞു. യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് ഐ.ജി പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തിയത്.

അതേസമയം അറസ്റ്റിലായ അലന്‍ ശുഹൈബ് നിരപരാധിയെന്ന് അമ്മ സബിത മഠത്തില്‍ പറഞ്ഞു. അലന് മാവോയിസ്റ്റ് ബന്ധമില്ല. ആരോ കൊടുത്ത ലഘുലേഖയാണ് കയ്യില്‍ ഉണ്ടായിരുന്നത്. സബിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും സബിത വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെതിരെ കോഴിക്കോട് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂവായിരുന്നെന്നും പി. മോഹനന്‍ പറഞ്ഞു.

നിരോധിത സംഘടനകളില്‍ ഉള്‍പ്പെട്ടവരുമായി അലന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് വാദം. ഇത്തരത്തില്‍ പൊലീസ് പട്ടികയിലുള്ള ചിലര്‍ക്കൊപ്പം അലന്‍ നില്‍ക്കുന്ന ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളാണ് ഇവയെല്ലാം. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് അലന്‍ ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more