| Monday, 3rd April 2023, 11:58 pm

ഇന്‍സൈറ്റ് കഫേ ഏപ്രില്‍ ആറ് മുതല്‍ കോഴിക്കോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വതന്ത്ര പ്രസാധകരായ ഇന്‍സൈറ്റ്പബ്ലിക്കയുടെ മുന്‍കൈയില്‍ ഏപ്രില്‍ ആറ് മുതല്‍ ഒമ്പത് വരെ കോഴിക്കോട് കേരള ആര്‍ട്ട് ഫീസ്റ്റ് (കഫെ) 2023 നടക്കും. ട്രെയിനിങ് കോളേജ്, ടൗണ്‍ ഹാള്‍, മാനാഞ്ചിറ, ബീച്ച് (ഫ്രീഡം സ്‌ക്വയര്‍) എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികള്‍ ഏപ്രില്‍ 6 വ്യാഴാഴ്ച രാവിലെ 9.30ന് എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനിങ് കോളേജില്‍ വെച്ചു നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ ഡോ.എം.വി.നാരായണന്‍, പുഷ്പവതി, ഡോ.എ.വി.അനൂപ് എന്നിവര്‍ പങ്കെടുക്കും.

നാടകകാരന്‍ ശ്രീ.ജയപ്രകാശ് കുളൂരിന്റെ 37 നാടകങ്ങളുടെ അവതരണമാണ് കഫേയുടെ പ്രധാനപ്പെട്ട ഒരു ഭാഗം. വെളിച്ചെണ്ണ, പിണ്ണാക്ക്, കൊണ്ടാട്ടം, പാല്‍പ്പായസം, താവഴി, ചോരണ കൂര, മിണ്ടാപൂച്ച, Its okay, ഓന്‍ അങ്ങനെ പറഞ്ഞോ?, സര്‍ ഐസക് ന്യൂട്ടനും ഞാനും, അക്രമങ്ങള്‍ ഉണ്ടാകുന്നത്, കുമാര വിലാപം, നരനായിങ്ങനെ, ദിനേശന്റെ കഥ, നല്ലൊരു കൂട്ടിന് കൂടരുത്, അമ്മ, തികച്ചും വിപരീതം, ഡ്രമാറ്റിക്, പോസ്റ്റ്, എന്താണമ്മെ ഉണ്ണ്യേട്ടനിങ്ങനെ, ചാലപ്പുറത്തേക്കുള്ള വഴി, കുളൂര്‍മയുള്ള മധുര ചിന്തകള്‍, സുല്‍ത്താന്‍, കസ്റ്റമറുടെ ഇഷ്ടം, തലേക്കെട്ട്, കിണര്‍, അയല്‍ക്കാര്‍, ആയമ്മ, വയര്‍, ഇത് കണാരന്റെ വീടല്ല, വെള്ളരിക്കാ പട്ടണം, ടാര്‍സന്‍, ഗതാഗതം പരമ്പരാഗതം, സോപ്പ് ചീര്‍പ്പ് കണ്ണാടി, ക്വാക്- ക്വാക്, പാലം, GIimpses from Shakespeare തുടങ്ങിയ നാടകങ്ങളാണ് അരങ്ങേറുക. കേരളത്തിനകത്തും പുറത്തുമുള്ള കലാകാരര്‍ ഇവ അവതരിപ്പിക്കും.

പ്രകാശ് ബാരെ, പദ്മപ്രിയ, സുനില്‍ സുഖദ, ശ്രീകുമാര്‍, ഷൈലജ.പി. അമ്പു, ടി.സുരേഷ് ബാബു, ഷെറില്‍, കുമാര്‍, ജോസ് .പി.റാഫേല്‍, ജോസഫ് നിനാസം, സി. രാജന്‍, രാജീവ് ബേപ്പൂര്‍, ബാബുരാജ് മഠത്തില്‍, സഞ്ജു, അതീതി ഇടപ്പള്ളി, അമല്‍ രാജ്, അഗ്‌നേഷ് ദേവ്, സുരേഷ് ബേപ്പൂര്‍, രവിശങ്കര്‍, ഗിരീഷ് മണ്ണൂര്‍, സീമ ഹരിദാസ്, കരീം ദാസ്, നിതിന്യ, ഡോ.റോസ് ലിജിയ ,മൊകവൂര്‍ ഷാജി, ഫജീന പി, പി.കെ.സലാം, ഡെലിഷ ഡെനീന്‍, റോഷ്നി, സബെന്‍, ഗൗരി, സുദീപ്, നസ്രിന്‍, ലിറ്റ തുടങ്ങി ഒട്ടേറെ കലാകാരരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഗ്രന്ഥാലയങ്ങള്‍,റസിഡന്‍സ് അസോസിയേഷനുകള്‍, കലാസമിതികള്‍, തിയേറ്റര്‍ അക്കാദമികള്‍, എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ തുടങ്ങി വ്യത്യസ്ത കലാകൂട്ടായ്മകളും നാടകങ്ങള്‍ അവതരിപ്പിക്കും.

വി.കെ.പ്രകാശ്, ടി.സുരേഷ്ബാബു, അഡ്വ. സി.ടി.അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇത് കോഡിനേറ്റ് ചെയ്യുക. ജയപ്രകാശ് കുളൂരിന് അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ള ആദരസമര്‍പ്പണത്തില്‍ പദ്മപ്രിയ പങ്കെടുക്കും.

വൈകിട്ട് ബീച്ചില്‍ സംഗീതവും റഷ്യന്‍ ബലേയും ഉണ്ടാവും. രാജസ്ഥാനില്‍ നിന്നുള്ള SAZ (സാദിഖ് ഖാന്‍ , അസിന്‍ ഖാന്‍ ,സക്കീര്‍ ഖാന്‍) ഉദ്ഘാടന ദിവസം സൂഫി സംഗീതം അവതരിപ്പിക്കും. നാടോടി, ക്ളാസിക്കല്‍ ആവിഷ്‌കരണങ്ങളില്‍ ഒരേ പോലെ പ്രാവീണ്യം പുലര്‍ത്തുന്ന ഈ യുവസംഘം ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ, റഷ്യ, യു.കെ, സ്‌പെയിന്‍ , കാനഡ, ഇറ്റലി, ചൈന തുടങ്ങി അസംഖ്യം വിദേശരാജ്യങ്ങളില്‍ കലാപ്രകടനം നടത്തിയിട്ടുള്ളവരും ആസ്‌ട്രേലിയന്‍ ബ്ലൂസ് ഗിറ്റാറിസ്റ്റായ ജെഫ് ലാങ്ങിനൊപ്പവും ഐറിഷ് കമ്പോസറായ മാര്‍ട്ടി കൊയ്‌ലെക്കൊപ്പവും സംയുക്ത പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരുമാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹസ്രത്ത് ഖവാലി ഗ്രൂപ്പ് ,അനിത ഷെയ്ഖ് , വി.മൈനര്‍ ബാന്‍ഡ് തുടങ്ങിയവരുടെ സംഗീതമുണ്ടാവും.
റഷ്യയില്‍ നിന്നുള്ള ബാരിന്യ സംഘം ഏപ്രില്‍ 6,7,8 തീയതികളില്‍ സംഗീത, നൃത്ത ഗാനാവിഷ്‌കാരങ്ങള്‍ നടത്തും. റഷ്യയിലെ പ്രധാനപ്പെട്ട നാടോടി സംഘമാണ് ബാരിന്യ.

കഫെയുടെ ഭാഗമായി ബീച്ചില്‍ നടക്കുന്ന വാഗ്ഭടാനന്ദം എന്ന പ്രഭാഷണപരമ്പരയില്‍ സുനില്‍ .പി.ഇളയിടം ഡോ.പി.പവിത്രന്‍, രേഖാ രാജ്, പി.പി.ഷാനവാസ്, അനില്‍
ചേലേമ്പ്ര എന്നിവര്‍ പങ്കെടുക്കും. ട്രെയിനിങ് കോളേജില്‍ നടക്കുന്ന കലാസംസാരം എന്ന വര്‍ക്ക്‌ഷോപ്പില്‍ നിസാര്‍ അഹമ്മദ് , കവിതാ ബാലകൃഷ്ണന്‍ ,കെ.പി.റജി ,രാമു അരവിന്ദന്‍, മുരളീധരന്‍ തറയില്‍ , സി.എസ്. വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. ഏപ്രില്‍ ഏഴിന് രാവിലെ ‘കേരളത്തിലെ കലാ ഫെസ്റ്റിവലുകള്‍ : ഇടം, അവതരണം, സ്വീകരണം’എന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. എം.വി.നാരായണന്‍, റിയാസ് കോമു , രവി.ഡി.സി , സജിത മഠത്തില്‍ എന്നിവര്‍ പങ്കെടുക്കും.

ഏപ്രില്‍ ഒമ്പതിന് ബീച്ചില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ബഹു. കോഴിക്കോട് നഗരസഭാ മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മല്ലികാ സാരാഭായി മുഖ്യ പ്രഭാഷണം നടത്തും. രമേശന്‍ പാലേരി, എം.വി.നാരായണന്‍ എന്നിവര്‍ സംബന്ധിക്കും.

കോഴിക്കോട് കോര്‍പ്പറേഷന്റെയും കേരള ടൂറിസം ഡിപ്പാര്‍ട്‌മെന്റിന്റെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റിയുടെയും റഷ്യന്‍ ഹൗസിന്റെയും ഡി.ടി.പി.സിയുടെയും മെഡിമിക്‌സിന്റെയും ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെയും പിന്തുണയോടെയാണ് കഫെ 2023 സംഘടിപ്പിക്കപ്പെടുന്നത്.

Content Highlight: Kozhikode Kerala Art Fest (CAFE) 2023 will be held from April 6 to 9, an initiative of independent publisher InsightPublica

We use cookies to give you the best possible experience. Learn more