കോഴിക്കോട്: പതഞ്‌ജലി ഉത്പന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് ബാബ രാംദേവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്. നേരത്തെ ഫയൽ ചെയ്ത കേസ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബുധനാഴ്ച പരിഗണിച്ച് 2025 മേയ് ആറിലേക്ക് മാറ്റുകയായിരുന്നു.
2025 മേയ് ആറിന് ബാബാ രാം ദേവ് ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബുധനാഴ്ച പ്രതിക്ക് വേണ്ടി അഭിഭാഷകൻ ഹാജരായി അവധിയപേക്ഷ നൽകി. കേസിൽ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്‌ണ മൂന്നും പ്രതികളാണ്. ഒന്നാം പ്രതി പതഞ്‌ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്.
ഡ്രഗ്‌സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്‌ഷനബിൾ അഡ്വൈർടൈസ്‌മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ കൊടുത്തതിന് ഡ്രഗ് കൺട്രോൾ വിഭാഗമാണ് കേസെടുത്തത്.
റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസസ്) ആക്ടിലെ സെക്ഷൻ 3 (ബി), 3 (ഡി) എന്നിവ പ്രകാരം ഡ്രഗ് ഇൻസ്പെക്ടർ സമർപ്പിച്ച പരാതിയിലായിരുന്നു കോടതി കേസ് എടുത്തത്. കണ്ണൂർ ആസ്ഥാനമായുള്ള നേത്രരോഗ വിദഗ്ധൻ ഡോ. കെ.വി. ബാബു 2023 സെപ്റ്റംബർ 30 ന് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ വകുപ്പ് ദിവ്യ ഫാർമസിക്കെതിരെ നടപടി ആരംഭിച്ചിരുന്നു.
ഡ്രഗ്ഗ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസസ്) ആക്ടിന്റെ ലംഘനമായി പത്രങ്ങളിൽ നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പരാതിയെത്തുടർന്ന്, വകുപ്പ് അന്വേഷണം നടത്തി. കേസിൽ 29 കേസുകൾ ഫയൽ ചെയ്തു. ഇതിൽ നാലെണ്ണം കോഴിക്കോടിൽ ആണ്.
Content Highlight: Kozhikode Judicial First Class Magistrate has asked Baba Ramdev to appear for publishing a misleading advertisement in the name of Patanjali products.