| Sunday, 31st July 2016, 10:19 am

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദേശം പ്രകാരം: പ്ലീഡറുടെ മൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട്ടെ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനും പങ്ക് . പൊലീസ് നടപടി സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണെന്നതിനുള്ള തെളിവുകള്‍ പുറത്തു വന്നു.

ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ പൊലീസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദേശത്തോടുകൂടിയാണ് പോലീസിന്റെ ഇടപെടല്‍ എന്നുവ്യക്തമാക്കുന്ന സര്‍ക്കാര്‍ പ്ലീഡറുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നത്.

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറിനെ അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗവ പ്ലീഡര്‍ കെ ആലിക്കോയ ഒപ്പിട്ട സത്യവാങ്ങ്മൂലം നല്‍കി.

രൂപേഷിനെ ഹാജരാക്കുമ്പോള്‍ കോടതിയില്‍ പ്രശ്‌നമുണ്ടാകുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചുവെന്നും താന്‍ ഇത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് അന്വേഷിച്ചുവെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ കയറിയാല്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.

ഈ വിവരം ജഡ്ജിയെ അറിയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവശാലും കോടതിയില്‍ കയറ്റരുതെന്ന് നിര്‍ദ്ദേശിച്ചു. ഇക്കാര്യം ടൗണ്‍ എസ് ഐ യെ അറിയിക്കാനാവശ്യപ്പെട്ടതനുസരിച്ച് താനാണ് എസ് ഐ യെ വിളിച്ചു വരുത്തിയതെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

വിഷയത്തില്‍ ഇന്നലെ ബാര്‍ അസോസിയേഷന്‍ പ്രമേയം പാസ്സാക്കിയിരുന്നു. എല്ലാത്തിനും തങ്ങള്‍ സാക്ഷികളാണെന്നും വിഷയത്തില്‍ പോലീസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രമേയം.

സസ്‌പെന്‍ഷനിലായ ടൗണ്‍ എസ്.ഐ വിമോദിനെ അനുകൂലിച്ച് കൊണ്ടായിരുന്നു കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയത്.

കോടതി വളപ്പില്‍ കുഴപ്പമുണ്ടാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്നും ടൗണ്‍ എസ്‌ഐ പി എം വിമോദ് സമയോചിതമായി ഇടപെടുകയായിരുന്നെന്നുമാണ് പ്രമേയം പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് മോശമായിട്ടാണ് പെരുമാറിയതെന്നു കുറ്റപ്പെടുത്തുന്ന പ്രമേയം പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ സംഘര്‍ഷം ഉണ്ടാകുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് തുടങ്ങിയവരെ കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്‌ഐ പി എം വിമോദും സംഘവും ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞായിരുന്നു നടപടി.

എന്നാല്‍ ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് കോടതി അധികൃതര്‍ വ്യക്തമാക്കി. നടന്ന സംഭവങ്ങള്‍ പൊലീസിന്റെ പിഴവ് കൊണ്ട് സംഭവിച്ചതാണെന്നും ആര്‍ക്കുമെതിരെ കേസെടുക്കില്ലെന്നും ടൗണ്‍ സി ഐ അറിയിച്ചു.

തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വാഹനം തിരിച്ചെടുക്കാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലീസ് വീണ്ടും ആക്രമിച്ചു. ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടൗണ്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ബിനുരാജ്, അഭിലാഷ്!, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെ മര്‍ദ്ദിച്ചത്.

കേസൊന്നുമില്ലെങ്കിലും വാഹനം കൊണ്ടുപോകാനാവില്ലെന്നു പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ കാത്ത് സ്റ്റേഷന് മുന്നില്‍ നില്‍ക്കുകയായിരുന്ന സംഘത്തെ വീണ്ടും ആക്രമിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി. പൊലീസിന് നിങ്ങളെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ എസ് ഐ വിമോദ് അസഭ്യം പറയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കയറാതെ സ്റ്റേഷന്റെ മുന്‍ വാതില്‍ പോലീസുകാര്‍ അകത്ത് നിന്ന് പൂട്ടി കാവല്‍ നിന്നു.
തുടര്‍ന്ന് ഇന്റലിജന്‍സ് എഡിജിപിയോട് സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ ആവശ്യപ്പെട്ടു. എസ്‌ഐ വിമോദ് പരിധിവിട്ട് പ്രവര്‍ത്തിച്ചെന്നും ആരുടെയും നിര്‍ദ്ദേശമില്ലാതെയാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതെന്നുമുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് ഐയെ ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more