കളക്ടര്‍ ബ്രോ ജനകീയനായത് എങ്ങനെ ?
Daily News
കളക്ടര്‍ ബ്രോ ജനകീയനായത് എങ്ങനെ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2016, 3:08 pm

collector-kozhikkode

സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് സാധാരണക്കാരുടെ പ്രിയപ്പെട്ട കളക്ടറായി മാറിയ വ്യക്തിയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത്. ലോകത്തിന് മുഴുവന്‍ മാതൃകയായിരികയാണ് ഇന്ന് അദ്ദേഹം.

കളക്ടറുടെ ഫേസ്ബുക്ക് പേജിന് സെലിബ്രിറ്റികള്‍ക്ക് സമാനമായ ഫോളോവേഴ്‌സും ലൈക്കുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കുമെതിരെയും ജനങ്ങള്‍ക്ക് ഈ ഫേസ്ബുക് വഴി പരാതിപ്പെടാം. ആ പരാതികള്‍ക്കെല്ലാം ഉടനടി പരിഹാരവും കളക്ടര്‍ ഉണ്ടാക്കും.

എല്ലാ തലുറയില്‍പ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ക്ക് തുല്യപ്രാധാന്യം പരിഗണിക്കുന്നതിനാല്‍ തന്നെ കളക്ടര്‍ ബ്രോ എന്നാണ് ഇദ്ദേഹത്തെ യുവാക്കള്‍ ഓമനപ്പേരിട്ട് വിളിക്കുന്നത്.

2015 ഫെബ്രുവരിയിലാണ്  എന്‍. പ്രശാന്ത് കോഴിക്കോട് കളക്ടര്‍ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ദൗത്യവുമായാണ് ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതി അദ്ദേഹം ആദ്യമായി നഗരത്തില്‍ ആവിഷ്‌കരിക്കുന്നത്. കംപാഷനേറ്റ് കോഴിക്കോട് എന്ന കര്‍മ്മപദ്ധതിയുടെ ഉള്‍പ്പെടുന്നതാണ് ഇവയെല്ലാം.

ഭക്ഷണം കഴിക്കാനില്ലാത്തവര്‍ക്ക് ആരുടെ മുമ്പിലും കൈനീട്ടാതെ അന്തസായി ഭക്ഷണം കഴിക്കാന്‍ ഇത് വഴി സാധിച്ചു. നഗരത്തിലെ ഹോട്ടല്‍ ഉടമകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആവശ്യക്കാര്‍ക്ക് കൂപ്പണ്‍ നല്‍കിയാല്‍ നഗരത്തിലെ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും നല്ല ഭക്ഷണം ലഭിക്കും. ആരുടെയും മുമ്പില്‍ യാചിക്കാതെ മാന്യമായ രീതിയില്‍ ഇവിടെനിന്നും ഇവര്‍ക്കും ഭക്ഷണം വിളമ്പി നല്‍കപ്പെടും.

വിദേശ രാജ്യങ്ങളിലും മറ്റും നിലനില്‍ക്കുന്ന പെന്‍ഡിംഗ് കോഫി സമ്പ്രദായത്തിലാണ് കോഴിക്കോടും പദ്ധതി തയാറാക്കിയത്.

വിദേശരാജ്യങ്ങളില്‍ കോഫി ഷോപ്പുകളിലും മറ്റും ചായ കുടിക്കാന്‍ എത്തുന്നവര്‍ എണ്ണത്തില്‍ കൂടുതല്‍ ചായ ഓര്‍ഡര്‍ ചെയ്യുകയും പണമടക്കുകയും ചെയ്യും.

മൂന്നു പേര്‍ ചേര്‍ന്ന് അഞ്ച് ചായയാണ് ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ ബാക്കിയുള്ള രണ്ട് ചായ പെന്‍ഡിംഗ് കോഫി വിഭാഗത്തിലേക്ക് പോകും. ദരിദ്രരായ ആളുകള്‍ പെന്‍ഡിംഗ് കോഫി ഉണ്ടോ എന്ന് അന്വേഷിച്ചു വരുമ്പോള്‍ കടയിലെ ജീവനക്കാര്‍ അത് അവര്‍ക്ക് നല്‍കുന്നു.

ഈ മാതൃകയുടെ മറ്റൊരു വകഭേദമാണ് കോഴിക്കോട്ട് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് വരെ ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികള്‍ കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

കളക്ടറെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടായിരുന്നെങ്കിലും ബഹുജന പ്രക്ഷോഭത്തിലൂടെ പൊതുജനം ഇതിനെ എതിര്‍ക്കുകയായിരുന്നു.

ഭരണകാര്യത്തില്‍ സുതാര്യതയും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതാണ് തന്റെ വിജയമന്ത്രമെന്നാണ് 35 കാരനായ കളക്ടര്‍ പറയുന്നത്

ലെജന്‍ഡ് ഓഫ് കോഴിക്കോട് ആണ്” ആണ് എന്‍.പ്രശാന്ത് നഗരത്തില്‍ നടപ്പിലാക്കാനിരിക്കുന്ന ഏറ്റവും  പുതിയ പദ്ധതി. കോഴിക്കോട് നഗരത്തിലെ അറിയപ്പെടാതെ പോയ നല്ലവരായ മനുഷ്യരെ ലോകത്തിന് പരിചയപ്പെടുത്തുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം.

കോഴിപീഡിയ എന്നത് നഗരത്തിന്റെ പൗരാണികതെയും സംസ്‌കാരത്തെയും ക്രോഡീകരിച്ച് രേഖപ്പെടുത്തി വെക്കുകയാണ് ഇതിന്റെ ലക്ഷ്യം.