കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ ഫുട്‌ബോള്‍ താരങ്ങളായ മെസി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതില്‍ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍.
അഭിഭാഷകന്‍ ശ്രീജിത പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിയില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും കളക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് അയക്കണമെന്നുമാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലോകകപ്പിന് മുന്നോടിയായി പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ച മെസി- നെയ്മര്‍- റൊണാള്‍ഡോ വമ്പന്‍ കട്ടൗട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു.
എന്നാല്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് കട്ടൗട്ടുകളെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
എന്നാല്‍ കട്ടൗട്ടുകള്‍ മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ലഭിച്ച പരാതി പരിശോധിക്കുകയും അന്വേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓലിക്കല്‍ വ്യക്തമാക്കിയിരുന്നു.
പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പക്ഷത്തേ നില്‍ക്കാന്‍ കഴിയൂ എന്നും കട്ടൗട്ടുകള്‍ നിലനിര്‍ത്തണമെന്നുള്ളത് പഞ്ചായത്തിന്റെ തന്നെ വികാരമാണെന്നുമായിരുന്നു പ്രസിഡന്റ് പറഞ്ഞത്.
അതിനിടെ പുഴയുടെ ഉടമസ്ഥതയും അധികാരപരിധിയും സംബന്ധിച്ച് കൊടുവള്ളി നഗരസഭയും ചാത്തമംഗലം പഞ്ചായത്തും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
പുള്ളാവൂര്‍ പുഴ തങ്ങളുടെ അധികാര പരിധിയിലാണെന്നും കട്ടൗട്ടുകളിന്മേല്‍ നടപടിയെടുക്കാന്‍ ചാത്തമംഗലം പഞ്ചായത്തിന് കഴിയില്ലെന്നും പരാതി ലഭിച്ചാലും ഫുട്ബോള്‍ ആരാധകര്‍ക്ക് അനുകൂലമായേ നഗരസഭ തീരുമാനമെടുക്കുകയുള്ളുവെന്നും കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍ വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച് നഗരസഭയ്ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.
ഫുട്‌ബോള്‍ ആരാധകരെ പിന്തുണച്ചുകൊണ്ട്, ശ്രീജിത് പെരുമനയുടെ പരാതിക്കെതിരെ സ്ഥലം എം.എല്‍.എ പി.ടി.എ റഹീമും രംഗത്തുവന്നിരുന്നു. ശ്രീജിത് പെരുമനയുടേത് യാതൊരു അടിസ്ഥാനവുമില്ലാത്ത ചീഫ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്നും കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കുടിവെള്ള സംവിധാനത്തിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണെന്നുമായിരുന്നു എം.എല്‍.എ പറഞ്ഞത്.
കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നില്ലെന്നും പി.ടി.എ റഹീം വ്യക്തമാക്കിയിരുന്നു.
Content Highlight: Kozhikode district collect orders Koduvally Municipality to take action on Messi, Neymer, Ronaldo cutouts