ക്രൈസ്തവരെ ഏക വ്യക്തി നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്നത് തെറ്റിദ്ധാരണ: കോഴിക്കോട് രൂപത വികാരി
Kerala News
ക്രൈസ്തവരെ ഏക വ്യക്തി നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്നത് തെറ്റിദ്ധാരണ: കോഴിക്കോട് രൂപത വികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th July 2023, 8:28 am

കോഴിക്കോട്: ഏക സിവില്‍ കോഡില്‍ നിന്ന് ക്രൈസ്തവ വിഭാഗങ്ങളെ ഒഴിവാക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് കോഴിക്കോട് രൂപത വികാരി ജനറല്‍ ഫാ. ജന്‍സണ്‍ മോണ്‍സിലോര്‍ പുത്തന്‍വീട്ടില്‍.

ക്രൈസ്തവരെ ഒഴിവാക്കും എന്നത് തെറ്റിദ്ധാരണയാണെന്നും, ഒഴിവാക്കപ്പെട്ട സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ വരേണ്ട ആവശ്യം തനിക്കില്ലെന്നും ശനിയാഴ്ച കോഴിക്കോട് സി.പി.ഐ.എം സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഏക വ്യക്തി നിയമം നടപ്പാക്കുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 8.9 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ സൗന്ദര്യം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണ ഘടനയാണ് നമുക്കുള്ളത്. എന്നാല്‍ ഈ സൗന്ദര്യത്തിന് മാറ്റം വരുത്തുന്ന ആശങ്കകള്‍ ഉണര്‍ത്തുന്ന തീരുമാനമാണ് ഏക സിവില്‍ കോഡ്.

കേന്ദ്രം ഏക നിയമത്തിന്റെ കരട് തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ജനയുതയുടെ വിശാലമായ വൈവിധ്യത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അതില്‍ ഒരു ആശങ്ക കാണാനാകും. പഠനത്തിന് കൂടുതല്‍ സമയം വേണ്ട വിഷയമാണിത്. അഭിപ്രായം സ്വീകരിക്കാന്‍ പരിമിത സമയം മാത്രം നല്‍കിയ നടപടി സന്ദേഹം ഉളവാക്കുന്നതാണ്.

ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം നടക്കുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 8.9 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗക്കാരുടെ മതപരവും സാംസ്‌കാരികപരവുമായ ആശങ്കകളെ ശ്രദ്ധാപൂര്‍വം പരിഗണിക്കണം. ഈ സെമിനാറില്‍ മുമ്പ് സംസാരിച്ചവര്‍ പറയുകയുണ്ടായ തെറ്റിദ്ധാരണ, ഏക സിവില്‍ കോഡില്‍ നിന്ന് ക്രൈസ്തവരെ ഒഴിവാക്കും എന്നതാണ്. അത് വെറും തെറ്റിദ്ധാരണയാണ്. ഒഴിവാക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല. നാഗാലാന്റ് മുഖ്യമന്ത്രി അമിത് ഷയുമായി കൂടിക്കാഴ്ച നടത്തിയത് അവിടെയുള്ള ഗോത്ര വര്‍ഗത്തില്‍പ്പെട്ട ക്രിസ്തീയ ജനതയെ പ്രതിനധീകരിച്ചാണ്.
ഏക സിവില്‍ കോഡ് വന്നാല്‍ ക്രൈസ്തവ സംസ്‌കാരത്തിന്റെ സമ്പന്നതക്ക് കോട്ടം വരുത്തും.

ന്യൂനപക്ഷ സമുദായങ്ങള്‍ എന്ന നിലയില്‍ വിവിധ മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും പൈതൃതവും സംരക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്,’ കോഴിക്കോട് രൂപത വികാരി പറഞ്ഞു.

ഏക സിവില്‍ കോഡ് മറവില്‍ രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയാണെന്ന് കോഴിക്കോട് സി.പി.ഐ.എം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ സംഘടനകള്‍ സെമിനാറിന്റെ ഭാഗമായി.

Content Highlight: Kozhikode Diocese Vicar said Christian sects were not supposed to be exempted from the uniform civil code