കോഴിക്കോട്: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി കോഴിക്കോട് ഡി.സി.സിക്ക് യാതൊരു ബന്ധവുമില്ലെന്ന് കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി സമീജ് പാറോപ്പടി. ഡി.സി.സിയുടെ ഔദ്യോഗിക പേജല്ല അതെന്നും സമീജ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
കോഴിക്കോട് ഡി.സി.സിയെന്ന പേരില്‍ നാല് പേജുകളുണ്ട്. ഈ സന്ദേശമുള്ളത് ഔദ്യോഗിക പേജിലല്ല. ഇതുമായി ഡി.സി.സിക്ക് ബന്ധമില്ല. ഡി.സി.സി കോഴിക്കോട് എന്ന പേരില്‍ ആര്‍ക്കും പേജുണ്ടാക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെയാണ് ഡി.സി.സി കോഴിക്കോട് എന്ന പേജില്‍ സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്റ് വന്നത്.
“മര്യാദയുടെ അതിരു ലംഘിച്ചാല്‍ ആത്മാഭിമാനം ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കില്ല. സിന്ധു സൂര്യകുമാര്‍ അതോര്‍ത്താല്‍ നല്ലത്. പഴയ പല കഥകളും പറയാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും. അത് മറക്കണ്ട. പ്രിയങ്ക ഗാന്ധിയെ അപമാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല സിന്ധു. അതിനുള്ള കുടുംബ മഹിമയും സ്വഭാവ ശുദ്ധിയും സൂര്യക്ക് ഇല്ല എന്ന് കേരളത്തിലെ സകലമാന ആളുകള്‍ക്കും അറിയാം. അതുകൊണ്ട് മര്യാദക്കു പരിപാടി അവതരിപ്പിച്ചു മുന്‍പോട്ടു പോകാന്‍ ശ്രമിക്കുക. ഇത് ഒരു താക്കീതാണ്.” എന്നായിരുന്നു പോസ്റ്റ്.