കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ അബൂബക്കറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ച് കോഴിക്കോട് ഡി.സി.സി. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് അബൂബക്കറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കൂടാതെ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ. ഹുസൈനും നവകേരള സദസില്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് ഓമശ്ശേരിയില്‍ നടന്ന സദസിന്റെ യോഗത്തില്‍ യു.കെ ഹുസൈന്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹുസൈനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊടുവള്ളിയിലെ പ്രാദേശിക ലീഗ് നേതാവായ മൊയ്തു മുട്ടായിയും യോഗത്തില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചുരത്തിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് യോഗത്തിലെത്തിയതെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡന്റ് കൂടിയായ മൊയ്തു മുട്ടായി പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നവകേരള സദസിന് ഫണ്ട് അനുവദിച്ചതിനെതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: Kozhikode D.C.C took action against the Congress leader who participated in the Navakerala Sadas