കൊവിഡ് അതീവ ഗുരുതരം; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐ.എം.എ
covid 19 Kerala
കൊവിഡ് അതീവ ഗുരുതരം; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 7:40 am

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം ജില്ലയില്‍ അതിശക്തമായി പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). കോഴിക്കോട്ടെ ജനങ്ങള്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന ആശയം തങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണെന്ന് ഐ.എം.എയുടെ കോഴിക്കോട് ഘടകം പറഞ്ഞു. കോഴിക്കോട് ഐ.എം.എയുടെ അഭ്യര്‍ത്ഥന എന്ന തലക്കെട്ടോട് കൂടിയാണ്  ജാഗ്രതാനിര്‍ദേശം എത്തിയിരിക്കുന്നത്.

കൊവിഡിന്റെ രണ്ടാം വരവ് ജില്ലയില്‍ നാശം വിതയ്ക്കുകയാണ്. ആശുപത്രികള്‍ കൊവിഡ് രോഗികളാല്‍ നിറയുകയും ഐ.സി.യുകളില്‍ ബെഡ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുകയുമാണ്. ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യരംഗവും ഒന്നാകെ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്നും ഐ.എം.എ പറയുന്നു.

ഇനി ഉള്ള രണ്ടാഴ്ചകള്‍ കോഴിക്കോട്ടുകാര്‍ക്ക് വളരെ നിര്‍ണ്ണായകമാണെന്ന് ഐ.എം.എ ചൂണ്ടിക്കാണിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ലേക്ക് എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രോഗവ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഐ.എം.എ മുന്നോട്ടുവെച്ചു.

എല്ലാ യാത്രകളും ആഘോഷങ്ങളും ഒഴിവാക്കുക, റെസ്‌റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, വീട്ടില്‍ പ്രായമായവരോട് മാസ്‌ക് ധരിച്ചുകൊണ്ട് മാത്രം സംസാരിക്കുക, പൊതുഗതാഗതം, മാര്‍ക്കറ്റ്, മാളുകള്‍ തുടങ്ങിയവ അടച്ചിടുക എന്നീ നിര്‍ദേശങ്ങളാണ് ഐ.എം.എ മുന്നോട്ടുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. 4317 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 5000ത്തിലേറെ പേര്‍ക്കായിരുന്നു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ ജില്ല അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: IMA Kozhikode asks people to go for self-proclaimed lockdown as the surge in Covid cases