'കേരളത്തിലെ ശിശുപരിപാലനം മോശം'; ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ വിവാദത്തില്‍
Kerala News
'കേരളത്തിലെ ശിശുപരിപാലനം മോശം'; ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 11:06 am

കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദത്തില്‍. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമര്‍ശമാണ് വിവാദത്തിലായത്.

‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം’. കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍ മേയറുടെ പരാമര്‍ശം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.

അതേസമയം ബീനാ ഫിലിപ്പ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് സി.പി.ഐ.എം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധം ശരി വെക്കുന്ന സംഭവമാണിതെന്നും സി.പി.ഐ.എം മേയര്‍ മോദി-യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.

Content Highlight: Kozhikode corporation mayor Beena Philiph’s controversial speech in Bala gokulam program