കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസ്‌റുദ്ദീന്റെ കടയ്‌ക്കെതിരെ നടപടിയെടുത്തതിനു പിന്നാലെ കടകളുടെ ലൈസന്‍സ് ഇനത്തില്‍ ഒരുമാസത്തിനുള്ളില്‍ കോഴിക്കോട് കോര്‍പ്പറേഷന് ലഭിച്ചത് ആറരലക്ഷത്തോളം രൂപ. കട പൂട്ടിക്കുമെന്ന് ഭയന്ന് മറ്റു വ്യാപാരികള്‍ ലൈസന്‍സ് എടുക്കാന്‍ തയ്യാറാവുകയായിരുന്നു.
വ്യാപാരികള്‍ സ്വമേധയാ എത്തി പിഴയടക്കം നല്‍കിയാണ് ലൈസന്‍സ് എടുത്തത്. ഇനിയും ലൈസന്‍സ് എടുക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ നോട്ടീസ് നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു.
നഗരസഭയുടെ കീഴിലുള്ള മുപ്പതിനായിരം കടകളില്‍ 26550 എണ്ണം ലൈസന്‍സ് എടുത്തു. 100% കടകള്‍ക്കും ലൈസന്‍സ് ഉറപ്പാക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
30 വര്‍ഷമായി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ഇതുസംബന്ധിച്ച് പലതവണ നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സ് എടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് നസ്‌റുദ്ദീന്റെ കട കോര്‍പ്പറേഷന്‍ പൂട്ടിച്ചിരുന്നു. പിന്നീട് പിഴയടക്കം 62000 രൂപ അടച്ചശേഷമാണ് കടതുറന്നത്.
ഈ സാഹചര്യത്തിലാണ് മറ്റു വ്യാപാരികളും ലൈസന്‍സ് എടുക്കാന്‍ സന്നദ്ധരായത്.