കോഴിക്കോട്: കോഴിക്കോട് കലക്ടറായ എന്‍.പ്രശാന്ത് തന്റെ പ്രവര്‍ത്തന മാതൃകകളിലൂടെ മുമ്പേ ജനശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വമാണ്. ഇപ്പോള്‍ ഫേസ്ബുക്കിലെ തന്റെ പേജ് വഴി ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന അദ്ദേഹം സമൂഹമാധ്യമങ്ങളെ എങ്ങനെ ജനനന്മയ്ക്കായി ഉപയോഗിക്കാം എന്ന ആശയം പ്രാവര്‍ത്തികമായക്കിയും മാതൃകയാകുകയാണ്. ഒരു ലക്ഷത്തിലേറെ ലൈക്കുകളാണ് “കലക്ടര്‍, കോഴിക്കോട്” എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ തന്റെ പദ്ധതികള്‍ ജനങ്ങളെ അറിയിക്കുക എന്നതിനപ്പുറം ജനങ്ങളില്‍ നിന്നും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുക, ആ പ്രശ്‌നങ്ങള്‍ക്ക് അവര്‍ തന്നെ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ കേള്‍ക്കുക തുടങ്ങിയവയും അദ്ദേഹം ചെയ്തുവരുന്നു.
നഗരത്തില്‍ പട്ടിണി കിടക്കുന്ന പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി ആവിഷ്‌കരിച്ച “ഓപ്പറേഷന്‍ സുലൈമാനി” എന്ന പദ്ധതിക്ക് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും പ്രശാന്തിന് ലഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് പലരും ഈ പദ്ധതിയെപ്പറ്റി ആദ്യം അറിഞ്ഞതും. റോഡിലെ കുഴികളടയ്ക്കാനുള്ള പദ്ധതി, ജനങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനുള്ള ആശയം എന്നിവയ്ക്കും വലിയ പിന്തുണ കലക്ടര്‍ക്ക് ജനങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ഫേസ്ബുക്കിലൂടെ നടത്തുന്ന നിരന്തരമായ ഇടപെടല്‍ തന്നെയാണ് ഈ വലിയ പിന്തുണയ്ക്ക് കാരണം. തന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം ശ്രദ്ധിക്കുന്നു.
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ വൃത്തിഹീനമായിക്കിടക്കുന്ന കോഴിക്കോട് കടപ്പുറം ശുചീകരിക്കാനുള്ള ആഹ്വാനമാണ് അദ്ദേഹം തന്റെ പേജിലൂടെ പുതുതായി നടത്തിയിട്ടുള്ളത്. 2ാം തീയതി കോഴിക്കോട് കടപ്പുറത്തെത്ത് താനുണ്ടാകുമെന്നും ഒന്നിച്ചു ചേര്‍ന്ന് ബീച്ച് വൃത്തിയാക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
മിക്ക പൊതുപ്രവര്‍ത്തകര്‍ക്കും ഫേസ്ബുക്ക് പേജുകള്‍ ഉണ്ടെന്നിരിക്കെ എതിര്‍പാര്‍ട്ടിക്കാരെ തെറി പറയാനും താറടിച്ചു കാണിക്കാനും വിമര്‍ശനങ്ങള്‍ നിരത്താനുമാണ് അവരില്‍ മിക്കവാറും പേര്‍ അക്കൗണ്ട് തുറക്കുന്നത്. അതിനിടെയാണ് കലക്ടറുടെ ഈ ഭാവനാപൂര്‍ണ്ണമായ ഇടപെടല്‍.