ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങള്‍ വിട്ടു നല്‍കാത്ത കോഴിക്കോട് ജില്ലയിലെ 14 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ദുരന്തനിവാരണ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചത്.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമായി സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഈ ഓഫീസുകളില്‍ പലതും സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.
മൃഗസംരക്ഷണം, ആര്‍ക്കൈവ്സ്, കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്‍, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ ഓഫീസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, ഗ്രൗണ്ട് വാട്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഡിഎംഒ (ഹോമിയോ),
ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, ഡിടിപിസി, ഡെപ്യൂട്ടി കമ്മീഷണര്‍ (ടാക്സസ്) എന്നീ കാര്യാലയങ്ങളുടെ മേധാവികള്‍ക്ക് എതിരെയാണ് നടപടി. നടപടി എടുക്കാതിരിക്കണമെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍ നാളെ രാവിലെ 10ന് മുമ്പ് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ഹാജരായി കാരണം ബോധിപ്പിക്കണം.