കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വഖഫ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ല കളക്ടറുടെ ഉത്തരവ്. കോര്‍ട്ട് റോഡ് സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപമുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണ് കളക്ടര്‍ ഡോ. നരസിംഹഗുരി ഗുഡിയുടെ നിര്‍ദേശം.
കെട്ടിടവുമായി ബന്ധപ്പെട്ട് നിലവില്‍ കേസുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കെട്ടിടം പൊളിച്ചുമാറ്റി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കിയത്.
പുതിയറ മാളിയേക്കല്‍ മമ്മു ഹാജി വക വഖഫ് കെട്ടിടമാണിത്. കെട്ടിടത്തില്‍ നിന്ന് കിട്ടുന്ന വരുമാനം കുടുംബത്തിലെ അംഗങ്ങള്‍ക്ക് വരുമാനമാകും എന്ന ഉദ്ദേശത്തോടെയായിരുന്നു കെട്ടിടം വഖഫ് ചെയ്തത്.
പ്രസ്തുത കെട്ടിടത്തില്‍ വര്‍ഷങ്ങളായി കെ.ടി.സി പ്രിന്റിങ് പ്രസ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രസ് ഒഴിയാന്‍ തയ്യാറാവുന്നില്ലെന്ന് ഹാജിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.
പ്രസ്സിനെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡില്‍ നിന്ന് അനുകൂല വിധിയുണ്ടായിരുന്നെങ്കിലും വാടകക്കാര്‍ ട്രൈബൂണലിനെ സമീപിക്കുകയും പിന്നീട് കേസ് ഹൈക്കോടതിയിലെത്തുകയുമായിരുന്നു.
അതേസമയം, കെട്ടിടത്തില്‍ അപകടാവസ്ഥ പരിഗണിച്ചാണ് കളക്ടറുടെ നടപടി. കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം തന്നെ തകര്‍ന്ന് വീണിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിച്ച് മാറ്റാന്‍ കളക്ടര്‍ തീരുമാനിച്ചത്.
എന്നാല്‍, കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കാന്‍ ഇതുവരെ കഴിയാതിരുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിടം പൊളിച്ചുമാറ്റുമ്പോള്‍ അതേ രൂപത്തിലുള്ള കെട്ടിടം പണിയേണ്ടതുണ്ട്. കെട്ടിടം പൊളിക്കുന്നതോടെ പുതിയ കെട്ടിടം മാളിയേക്കല്‍ കുടുംബം പണിയാനാണ് സാധ്യത.