| Sunday, 12th July 2015, 3:21 pm

കോഴിക്കോട് കളക്ടര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യത്യസ്തങ്ങളായ തന്റെ നടപടികളിലൂടെയും നിലപാടുകളിലൂടേയും ജനപ്രീതിയാര്‍ജ്ജിച്ച കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത് തന്റെ സ്വകാര്യ അക്കൗണ്ട് നിര്‍ത്തിവെച്ചു. “വയറല്‍ ബാധിച്ച് മുങ്ങിയ ബ്രോ” എന്ന് പേരുമാറ്റിയ തന്റെ പേജില്‍ താന്‍ അക്കൗണ്ട് നിര്‍ത്തിവെക്കാനുള്ള കാരണവും കളക്ടര്‍ എഴുതിയിട്ടുണ്ട്.

“ഫ്രണ്ട്‌സ് റിക്വസ്റ്റ് താങ്ങാനാവുന്നില്ല. നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ബ്രോകള്‍ക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായി വരാന്‍ മാത്രം ഇപ്പോതന്നെ ആയി. ഇനീം വൈറല്‍ ബാധിച്ചാല്‍ അത് ഞമ്മക്ക് താങ്ങൂല്ല. “ഓവറാക്കി ചളമാക്കരുത്” എന്ന ആപ്തവാക്യം നമുക്ക് ഈയവസരത്തില്‍ ഓര്‍ക്കാം.” എന്‍ പ്രശാന്ത് പറയുന്നു.

വൈറല്‍ ബാധിച്ച ബ്രോ “കുറച്ച്” ദിവസത്തേക്ക് ബ്രേക്ക് എടുക്കട്ടെ എന്നു പറഞ്ഞ്് അവസാനിപ്പിക്കുന്ന കുറിപ്പില്‍ കളക്ടറുടെ ഒഫീഷ്യല്‍ അക്കൗണ്ടായ കളക്ടര്‍ കോഴിക്കോട് എന്ന പേജില്‍ തുടര്‍ന്നും സജീവമായിരിക്കും എന്നും എന്‍ പ്രശാന്ത് പറഞ്ഞു.

ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ സജീവമാകുന്ന കളക്ടര്‍ക്കെതിരെ നേരത്തെ ഡി.സി.സി പ്രസിഡന്റ് കെ.സി അബു രംഗത്തു വന്നിരുന്നു. ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും അക്കൗണ്ട് തുറന്ന് ഷൈന്‍ ചെയ്യുകയാണ് കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തെന്നും കളക്ടറെ മാറ്റണമെന്നുമായിരുന്നു കെ.സി അബുവിന്റെ ആവശ്യം.

സി.പി.എമ്മിന്റെ ചട്ടുകമായാണ് കലക്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അബു ആരോപിച്ചു.കലക്ടര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഈ വയസ്സു കാലത്ത് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പോകാന്‍ തനിക്ക് പറ്റില്ലെന്നും അബു വ്യക്തമാക്കി. ഈ സംഭവം ഏറെ മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയതോടെ കളക്ടര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.

We use cookies to give you the best possible experience. Learn more