| Saturday, 16th November 2024, 9:16 pm

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പ്; സി.പി.ഐ.എം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് അട്ടിമറി വിജയം.

സി.പി.ഐ.എം പിന്തുണച്ച കോണ്‍ഗ്രസ് വിമതരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിമത മുന്നണിയുടെ 11 അംഗ പാനല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുകയിരുന്നു.

ജി.സി പ്രശാന്ത് കുമാറിനെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു. ജി.സി. പ്രശാന്താണ് നിലവിലെ ബാങ്ക് പ്രസിഡന്റ്. തെരഞ്ഞെടുപ്പില്‍ 8743 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതരും നാല് സീറ്റുകളില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുമാണ് വിജയിച്ചത്. സി.പി.ഐ.എമ്മിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിമതര്‍ ഭരണമുറപ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലായിരുന്നു മുന്നണി മത്സരിച്ചത്. കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ വിമതര്‍ സി.പി.ഐ.എമ്മിനോടപ്പം ചേര്‍ന്ന് മത്സരിക്കുകയായിരുന്നു. 61 വര്‍ഷമായി കോണ്‍ഗ്രസിനായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കിന്റെ ഭരണം.

ഇന്ന് (ശനിയാഴ്ച) രാവിലെയാണ് ബാങ്കില്‍ വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് രാവിലെ മുതൽക്കുതന്നെ സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കള്ളവോട്ട് സംബന്ധിച്ച് സി.പി.ഐ.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

വോട്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് കോഴിക്കോട് എം.പി എം.കെ. രാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമുണ്ടായി.

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തി ജില്ലയില്‍ നാളെ (ഞായറാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പൊലീസ് അക്രമങ്ങള്‍ക്ക് കൂട്ടുനിന്നുവെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. സി.പി.ഐ.എം കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു.

Content Highlight: kozhikode chevayur cooperative bank election cpim backed congress lebel panel wins

Latest Stories

We use cookies to give you the best possible experience. Learn more