കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രി കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം. ലഹരി ഉപയോഗത്തിന് ശേഷം ആശുപത്രി ബ്ലോക്കിന്റെ പിന്‍വശത്തെ ചുമരില്‍ വിരലുകള്‍ കൊണ്ട് രക്തം തുടച്ച തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്.
പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ പിന്‍വശം ലഹരി ഉപയോഗത്തിനായുള്ള സുരക്ഷിത കേന്ദ്രമാക്കിയിരിക്കുകയാണെന്നും, സി.സി.ടി.വി ഇല്ലാത്ത ഈ ഏരിയയില്‍ വെച്ച് സിറിഞ്ചുകള്‍ ഉപയോഗിച്ച് ലഹരി കുത്തിവെക്കുന്നുവെന്നുമാണ് ആരോപണം.
ഇക്കാര്യത്തില്‍ വ്യക്തത തേടാനായി ഡൂള്‍ന്യൂസ് പ്രതിനിധി ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ആശുപത്രി ബ്ലോക്കിന്റെ പിന്‍വശത്തെ ചുമരില്‍ രക്തം വിരലുകള്‍ കൊണ്ട് തുടച്ച രീതിയില്‍ കാണപ്പെടുകയുണ്ടായി. കൂടുതല്‍ വ്യക്തത തേടാനായി ആശുപത്രി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
എന്നാല്‍, പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ പിന്‍വശത്തായി ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്ന് ബീച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
യുവാക്കളടക്കമുള്ള ലഹരി ഉപഭോക്താക്കള്‍ ആശുപത്രി കോമ്പൗണ്ടില്‍ വെച്ച് ലഹരി ഉപയോഗിക്കുന്നതായി ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ആശുപത്രിയില്‍ ഇത്തരത്തില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെള്ളയില്‍ പൊലീസും ഡൂള്‍ന്യൂസിനോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചുവെന്നും, എന്നാല്‍ ആശുപത്രി ബ്ലോക്കിന്റെ പിന്‍വശത്തെ ചുമരിലുള്ള അടയാളങ്ങള്‍ രക്തമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗം നടക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ പിന്‍വശത്ത് ആളുകള്‍ എത്താതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം, പ്രചരിക്കുന്ന ചിത്രത്തിലുള്ളത് രക്തത്തിന്റെ അടയാളങ്ങളാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും, പരിശോധനയിലൂടെ മാത്രമേ അത് ഉറപ്പിക്കാന്‍ കഴിയൂ എന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രൊഫസര്‍ കെ.പി. അരവിന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ സിറിഞ്ചുകള്‍ ഉപയോഗിച്ച് ലഹരി കുത്തിവെക്കുന്നതിന്റെ ഫലമായി ഇത്തരത്തില്‍ രക്തം പൊടിയാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.