വനിതാ ജീവനക്കാരിയോട് മോശമായി പെറുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍
Kerala News
വനിതാ ജീവനക്കാരിയോട് മോശമായി പെറുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2024, 10:00 pm

കോഴിക്കോട്: വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

തന്റെ ചേംബറില്‍ വെച്ച് വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഈ സംഭവം ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

നേരത്തെ അഡീഷണല്‍ ജില്ലാ ജഡ്ജിയായ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ നൂറിലധികം വരുന്ന കോടതി ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.

 ജില്ലാ സെഷന്‍സ് ജഡ്ജി ഉടന്‍ തന്നെ ആരോപണ വിധേയനായ അഡീഷണല്‍ ജില്ലാ ജഡ്ജിയെ തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. സെഷന്‍സ് ജഡ്ജിയുടെ സാന്നിധ്യത്തില്‍ അഡീ.ജില്ലാ ജഡ്ജി വനിതാ ജീവനക്കാരിയോട് മാപ്പു പറഞ്ഞു. തുടര്‍ന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി വന്നത്.

Content Highlight: Kozhikode Additional  district judge misbehaved with female employee Suspended