നിപ്പയെ തുരത്തിയ മെഡിക്കല്‍ കോളേജില്‍ നാണക്കേടായി മാലിന്യമല
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍സിനറേറ്റര്‍ കെട്ടിടത്തിന് മുന്നില്‍ മാലിന്യം കുന്നുകൂടുന്നു. ദിനംപ്രതി 2000 കിലോഗ്രാം ഖരമാലിന്യമാണ് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഇവിടെ തള്ളുന്നത്. ഇതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് എലി ശല്യവും ദൂര്‍ഗന്ധവും തുടങ്ങി.

ആശുപത്രി മാലിന്യങ്ങള്‍ക്കൊപ്പം പ്ലാസ്റിക്ക്, പേപ്പര്‍ മാലിന്യങ്ങളുമാണ് ഇവിടെ കുന്നുകൂടുന്നത്. രണ്ട് മാസമായി ഇവിടെ മാലിന്യ സംസ്‌കരണം നടക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴാവുന്ന തരത്തിലാണ് മാലിന്യകൂമ്പാരം.

ALSO READ: ദല്‍ഹിയിലെ ഹോട്ടലിലെ തീപിടുത്തം; മരണസംഖ്യ 17 ആയി; മരിച്ചവരില്‍ ഒരു മലയാളിയും

അടിയന്തിരമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരുന്ന ആംബുലന്‍സുകളുടെയും മൃതദേഹവുമായി പോകുന്ന വാഹനങ്ങളുടെയും മുകളിലേക്ക് ഈ മാലിന്യ ചാക്കുകള്‍ വീണ്, വാഹനങ്ങളുടെ പോക്കുവരവ് തടസ്സപ്പെടുന്നുണ്ട്

മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് അത്യാഹിതവിഭാഗവും തീവ്രപരിചരണ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ മാലിന്യ കൂമ്പാരത്തിന് തീ പിടിക്കുകയാണെങ്കില്‍ വലിയ അപകടത്തിന് ഇടയാക്കാം എന്നത് ഭീതി ജനകമാണ്.

പാലക്കാട് നിന്നുള്ള കരാറുകാരനാണ് ഖരമാലിന്യങ്ങള്‍ കൊണ്ടുപോയി സംസ്‌ക്കരിക്കുന്നത്. എന്നാല്‍ ഈ മാലിന്യങ്ങള്‍ വേണ്ട രീതിയില്‍ സംസ്‌ക്കാരിക്കാതെ വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തു.ഇതോടെ പുറം കരാര്‍ നിലച്ചു. ഇത് അവസാനിച്ചിട്ട് രണ്ട് മാസത്തിലേറെയായി. ജില്ലാ ശുചിത്വ മിഷനിലും മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലെന്ന് പറഞ്ഞതോടെ മാലിന്യം കുന്നുകൂടാന്‍ തുടങ്ങി. എച്ച്.ഡി.എസിന് മാലിന്യ സംസ്‌കരണത്തിന് ഫണ്ടില്ലാത്തതും മറ്റൊരു പ്രശ്നമാണ്.

കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സക്ക് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ആശുപത്രി വിടുന്നതിന് മുമ്പ് കൂടുതല്‍ രോഗത്തിനുള്ള ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയാണ്.

നിലവിലുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.