കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടി മാര്‍ക്കറ്റില്‍ ആറ് വ്യാപാരികള്‍ക്ക് കൊവിഡ്. ഇതോടെ വലിയങ്ങാടി മാര്‍ക്കറ്റിലെ ഇവരുടെ കടകള്‍ അടച്ചു.
നേരത്തെ മാര്‍ക്കറ്റ് മുഴുവനായി അടച്ചിടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചവരുടെ കടകള്‍ മാത്രം നിലവില്‍ അടച്ചാല്‍ മതിയെന്നാണ് തീരുമാനം. വലിയങ്ങാടി മാര്‍ക്കറ്റ് അണുവിമുക്തമാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ കൂടിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതുവിലും നഗരത്തില്‍ കൂടുതല്‍ കര്‍ശനമായും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതരും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനുളള നടപടികളുടെ ഭാഗമായാണ് തീരുമാനം.
കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്.എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നേരത്തെ തന്നെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരുന്നു. ഇവടങ്ങളില്‍ വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനും ഒരോ വഴികള്‍ മാത്രമേ അനുവദിക്കുകയുള്ളു.
വലിയങ്ങാടിയില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്കും ഇവിടെനിന്ന് ചരക്കുമായി പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഉണ്ടാകും. മറ്റ് സ്ഥലങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ വലിയങ്ങാടിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി രജിസ്‌ട്രേഷന്‍ നടത്തും. വാഹനത്തിലെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. രജിസ്‌ട്രേഷനു ശേഷം ടോക്കണ്‍ ലഭിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ വലിയങ്ങാടിയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
ടോക്കണില്‍ വാഹനം എത്തിയ ദിവസം, സമയം എന്നിവ രേഖപ്പെടുത്തും. വാഹനങ്ങള്‍ നിര്‍ബന്ധമായും അതേദിവസം തന്നെ ജില്ല വിട്ടുപോകണം. ജീവനക്കാര്‍ ഒരു കാരണവശാലും വാഹനത്തിന് പുറത്തിറങ്ങാനോ മറ്റ് കടകളില്‍ കയറിയിറങ്ങാനോ പാടില്ല. ഭക്ഷണം വലിയങ്ങാടിയിലെ കച്ചവടക്കാരുടെ സംഘടനാപ്രതിനിധികള്‍ വാഹനത്തില്‍ എത്തിച്ചുനല്‍കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക