| Thursday, 3rd January 2019, 10:37 am

'ഇന്ന് കച്ചവടം നടക്കില്ലെന്ന് അറിയാം, എന്നാലും ഇതാണ് ഞങ്ങളുടെ പ്രതിഷേധം'; കോഴിക്കോട് വ്യാപാരികള്‍ കടകള്‍ തുറക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം വിവിധ കാരണങ്ങള്‍ കോടികളുടെ നഷ്ടം തങ്ങള്‍ക്കുണ്ടായി ഇനിയും നഷ്ടം സഹിക്കാന്‍ കഴിയില്ലെന്നാണ് കോഴിക്കോട്ടെ വ്യാപാരിയായ അബ്ദുള്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

“കഴിഞ്ഞ വര്‍ഷം മാത്രം നിപ, പ്രളയം തുടങ്ങിയവ കൊണ്ട് കോടിക്കണക്കിന് രൂപ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആഘോഷ സീസണ്‍ മുഴുവന്‍ ഇത്തരത്തില്‍ നഷ്ടമായിരുന്നു. ഇതിനിടയ്ക്കാണ് ഹര്‍ത്താല്‍ കൊണ്ടുള്ള നഷ്ടം. ഇതൊക്കെ ആരോട് പറയാനാണ്. ആളുകള്‍ സാധനം വാങ്ങാന്‍ ആകെ കൂടി വരിക വല്ലപ്പോഴുമാണ് അസീസ് പറയുന്നു.

ഇത് തുടക്കം മാത്രമാണെന്നും ഇന്ന് കച്ചവടം നടക്കില്ലെന്ന് അറിയാമെങ്കിലും പ്രതിഷേധമായിട്ടാണ് കടകള്‍ തുറക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. പ്രതിഷേധ ജാഥയായിട്ടാണ് കോഴിക്കോട് ഓരോ സ്ഥാപനങ്ങളും തുറന്നത്.

രാവിലെ കൂട്ടമായി എത്തിയാണ് വ്യാപാരികള്‍ കടകള്‍ തുറന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പോലീസ് സന്നാഹം കടകള്‍ തുറക്കുന്‌പോള്‍ സ്ഥലത്തുണ്ടായിരുന്നു.

Also Read  ഹര്‍ത്താലില്‍ വ്യാപക അക്രമം; സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു, പൊലീസിനു നേരെ കല്ലേറ്

കഴിഞ്ഞ റംസാന്‍ മാസക്കാലത്തിലായിരുന്നു കോഴിക്കോട് നിപ വൈറസ് പടര്‍ന്ന് പിടിച്ചത്. തുടര്‍ന്ന് കോഴിക്കോട് ജില്ലിലെ മുഴുവന്‍ ഭാഗങ്ങളിലെയും വ്യാപരത്തിന് വന്‍ ഇടിവാണ് സംഭവിച്ചത്. അങ്ങാടികളിലേക്ക് ആളുകള്‍ വരാതായി. കച്ചവടത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും തകര്‍ന്നിരുന്നു. വസ്ത്രം, പച്ചക്കറി, ഗൃഹോപകരണം, പഴം തുടങ്ങി മുഴുവന്‍ മേഖലകളിലും നഷ്ടമുണ്ടായി.

പിന്നീട് നിപ വൈറസിന്റെ വ്യാപനവും രോഗവും നിയന്ത്രണ വിധേയമാതിന് ശേഷം വിപണി പതുക്കെ കര കയറുകയായിരുന്നു. മലബാര്‍ ജില്ലകളില്‍ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ പ്രധാന സീസണുകളില്‍ ഒന്നായ റംസാനിലെ വിപണി തകര്‍ന്നതോടെ, ഓണം സീസണില്‍ വിപണി തിരിച്ച് പിടിക്കാമെന്നും റംസാന്‍ വിപണിയിലുണ്ടായ നഷ്ടം തിരിച്ചു പിടിക്കാമെന്നുമായിരുന്നു വ്യാപാരികളുടെ ചിന്ത. എന്നാല്‍ അപ്രതീക്ഷിതമായി വന്ന പ്രളയം ഈ ചിന്തയും തകര്‍ത്തു എന്നാണ് കോഴിക്കോട് ചെരുപ്പ് വില്‍പ്പന കടയിലെ സെയില്‍സ് മാന്‍ ആയ റയീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.ഇതിന്റെ നഷ്ടം ഇതുവരെ വ്യാപാരികള്‍ക്ക് നികത്താനായിട്ടില്ല. അതിനിടയ്ക്കാണ് ഹര്‍ത്താലും പണിമുടക്കും ഉണ്ടാവുന്നതെന്നും റയീസ് പറയുന്നു.

തുടര്‍ന്ന് മിഠായിതെരുവില്‍ കടകള്‍ തുറന്ന വ്യാപാരികള്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്ത് എത്തുകയും ചെയ്തിരുന്നു. വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാകുക മാത്രമല്ല പൊതുജീവിതത്തെ തന്നെ ഇത്തരം അനാവശ്യ ഹര്‍ത്താല്‍ ബാധിക്കുമെന്നും ഡി.വൈ.എഫ്.ഐ പറയുന്നു.

Also Read  ഹര്‍ത്താലിനെതിരെ ചെറുത്തു നില്‍പ്പുമായി വ്യാപാരികള്‍; സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടകള്‍ തുറന്നു

പൊലീസ് സുരക്ഷയുണ്ടാവുമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ കടകള്‍ തുറന്നതെങ്കിലും തുടര്‍ന്ന് ഹര്‍ത്താലനുകൂലികള്‍ വ്യാപകമായി കടകള്‍ക്ക് നേരെ ആക്രമം അഴിച്ചുവിട്ടു. തുറന്ന കടകള്‍ക്ക് നേരെ കല്ലേറും നടത്തി. ഇത് വീണ്ടും വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കിയെന്ന് വ്യാപാരികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കടകള്‍ക്ക് ഉണ്ടായത്. പല കടകളുടെയും ചില്ലുകള്‍ തല്ലി തകര്‍ത്തെന്നും സുരക്ഷ തരുമെന്ന് പറഞ്ഞ പൊലീസ് സംഭവം നോക്കി നില്‍ക്കുകയായിരുന്നെന്നും വ്യാപാരികള്‍ ആരോപിച്ചു.

ആയിരത്തോളം പേരടങ്ങുന്ന സംഘമായാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മിഠായി തെരുവിലേക്ക് എത്തിയത്. കടകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. ചിലര്‍ക്ക് ലാത്തയടിയേറ്റിട്ടുണ്ട്. പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പൊലീസിന് വീഴ്ചപറ്റിയെന്നാരോപണം സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ തള്ളികളഞ്ഞു. വലിയ സംഘര്‍ഷത്തിലേക്ക് പോവുമായിരുന്ന ഹര്‍ത്താല്‍ ദിനത്തെ ആവുന്ന രീതിയില്‍ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അവിടെയുള്ള പോലീസുകാരുടെ പ്രവര്‍ത്തനം കൊണ്ടായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു.

അന്ന് ഡി.വൈ.എസ്.പി പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മിഠായി തെരുവില്‍ 40 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ നേരിട്ടെത്തി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിതെരുവില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാനായത്. മറ്റ് പലയിടങ്ങളിലും പതിവുപോലെ കടകള്‍ അടഞ്ഞു തന്നെ കിടന്നു. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കോടി രൂപയില്‍ അധികം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് ബ്ലൂഗ്രീന്‍ കമ്പനിയുടെ ഉടമയായ സനല്‍ പറയുന്നുത്.

We use cookies to give you the best possible experience. Learn more