ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന് വധഭീഷണി; വീടൊഴിയണമെന്ന് ഉടമ; ജോലിയ്ക്ക് എത്തേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍
Sabarimala women entry
ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന് വധഭീഷണി; വീടൊഴിയണമെന്ന് ഉടമ; ജോലിയ്ക്ക് എത്തേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 10:21 am

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന് വധഭീഷണി. ശബരിമലയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്.

വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഇനി താമസിക്കേണ്ടെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ട് വീട്ടുടമ രംഗത്തെത്തുകയായിരുന്നു ഇന്നലെ വീടിന് നേരെ പ്രതിഷേധമുണ്ടായിരുന്നു. വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിക്കാനായി ചെന്നപ്പോള്‍ ഫ്‌ളാറ്റിന് നേരെയും ആക്രമണം നടത്തി. ഇവരെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കയ്യും കാലും വെട്ടും എ്ന്നായിരുന്നു ചിലര്‍ ഭീഷണിപ്പെടുത്തിയതെന്ന് ബിന്ദു പറയുന്നു.


‘ഇങ്ങനെയെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരും’; വിമര്‍ശനവുമായി ചെന്നിത്തല


പിന്നീട് കസബ പൊലീസില്‍ അഭയം തേടിയ ബിന്ദുവിനെ പൊലീസ് സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു. തനിക്ക് നേരെ
കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു പറയുന്നു.

സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട് ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളില്‍ എത്തേണ്ട എന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ബിന്ദു പറയുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദു പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു മലകയറാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ മുണ്ടക്കയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ ബിന്ദുവിനെ എരുമലേയിലെത്തിച്ചിരുന്നു. അവിടെ നിന്നും പമ്പയിലേക്ക് ബസില്‍ കൊണ്ടുപോയി.

പിന്നീട് മുണ്ടക്കയത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബിന്ദുവിനെ വട്ടപ്പാറയില്‍ ചിലര്‍ തടഞ്ഞു. തുടര്‍ന്ന് തിരിച്ചുപോകാന്‍ ബിന്ദു തീരുമാനിക്കുകയായിരുന്നു.