കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ്
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2020, 12:15 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ്. ഇരുവരും ദല്‍ഹിയില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയവരാണ്.

ദല്‍ഹിയില്‍ നിന്ന് തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇരുവരേയും പരിശോധിച്ച ആറ് അധ്യാപകരേയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

വാര്‍ഷിക പരീക്ഷ കഴിഞ്ഞ ശേഷം ദല്‍ഹിയില്‍ ടൂറിന് പോയതായിരുന്നു ഒന്‍പതംഗ സംഘം. ഇവര്‍ തിരിച്ചെത്തിയ ശേഷം കോഴിക്കോടെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ തിരിച്ചെത്തിയ ശേഷം ചില അധ്യാപകര്‍ ഹൗസ് സര്‍ജന്‍മാര്‍ക്കായി ഒരു പരിശോധന നടത്തിയിരുന്നു. ഇത്തരത്തില്‍ സ്‌ക്രീനിങ് നടത്തിയ ആറ് അധ്യാപകരോടാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ ഇടപഴകിയ കൂടുതല്‍ പേരെ പരിശോധിക്കേണ്ടതായുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

ഇവര്‍ പലസഹപാഠികളേയും കണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ക്വാറന്റൈയിനില്‍ പാര്‍പ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്ന് ചില ഇളവുകള്‍ അധികൃതര്‍ നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പേരുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.