കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് കൊവിഡ്; വീണ്ടും ആശങ്ക
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് കൊവിഡ്; വീണ്ടും ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd July 2020, 11:20 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ആശങ്ക. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം സ്വദേശിയായ വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. ഡോക്ടറുമായി ബന്ധപ്പെട്ട ആളുകളെ ഉടന്‍ നിരീക്ഷണത്തിലാക്കും. അതേസമയം രോഗ ഉറവിടും എവിടെയാണെന്ന കാര്യം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ നെഫ്രോളജി വാര്‍ഡ് അടച്ചിരുന്നു. എന്നാല്‍, നിലവില്‍ വാര്‍ഡിലുള്ള രോഗികള്‍ തുടരുമെന്നും ഇവിടെ ചികിത്സയിലുള്ള 16 രോഗികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വളരെ അത്യാവശ്യമുള്ളവര്‍ മാത്രം ചികിത്സയ്ക്ക് എത്തിയാല്‍ മതിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡോക്ടര്‍മാരും നഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പടെ 24 പേര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസം മുന്‍പായിരുന്നു ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത് എന്നാല്‍ ഇയാള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ കൊവിഡ് പോസ്റ്റ്റ്റീവ് ആണെന്ന് അറിഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക