കോഴിക്കോട്: കോഴിക്കോട് എടക്കാട് വോട്ടിംഗ് മെഷിനും വിവിപാറ്റും യുവാവ് അടിച്ചു തകര്‍ത്തു. എടക്കാട് സ്വദേശി പ്രമോദാണ് വോട്ടിംഗ് ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തത്.
ഇയാളെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു. ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് മെഷിന്‍ പണിമുടക്കിയിരുന്നു. അതേസമയം കേരളത്തില്‍ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. 74.04 ശതമാനം പേരായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതെങ്കില്‍, ഇനിയും ഒട്ടേറെ പേര്‍ വോട്ടു ചെയ്യാനിരിക്കേ 74.77 ശതമാനം വോട്ടുകള്‍ ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു.
കഴിഞ്ഞ തവണ വളരെ കുറഞ്ഞ പോളിംഗ് നിരക്കുണ്ടായിരുന്ന വയനാട്, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഈ വര്‍ഷം തുടക്കം മുതല്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് പോളിംഗ് നിരക്ക് ശക്തമായി വര്‍ധിക്കാനിടയായതെന്നാണ് വിലയിരുത്തല്‍.
ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ വോട്ടിംഗ് ശതമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ കണക്കനസരിച്ച് കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 80.15 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം.
പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം
DoolNews Video