| Wednesday, 16th January 2019, 4:20 pm

'നിങ്ങള്‍ മറ്റുകുട്ടികളുടെ അവസരം നഷ്ടപ്പെടുത്തി'; കോഴിക്കോട് ലോ കോളെജില്‍ അധ്യാപികയുടെ സംവരണ വിരുദ്ധ പരാമര്‍ശം; പരാതിയുമായി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: “സംവരണത്തിന്റെ ഔദാര്യം കിട്ടി വരുന്നവര്‍ സംസാരിക്കേണ്ട, മറ്റ് കുട്ടികളുടെ അവസരമാണ് നിങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നത്” ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കുന്ന ഒരു അധ്യാപിക താന്‍ പഠിപ്പിക്കുന്ന കുട്ടികളോട് പറഞ്ഞ വാക്കുകളാണ് ഇത്. അതും കേരളത്തിലെ മികച്ച ലോ കോളെജുകളില്‍ ഒന്നായ കോഴിക്കോട് ലോ കോളെജില്‍.

കഴിഞ്ഞ പതിനഞ്ചാം തിയ്യതിയായിരുന്നു സംഭവം. കോളെജിലെ ബിബിഎ,എല്‍ എല്‍ ബി മൂന്നാം സെമസ്റ്റര്‍ നിയമ വിദ്യാര്‍ത്ഥികളുടെ ഭരണഘടന ക്ലാസിനിടെ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറായ ജി.ആര്‍ ലക്ഷ്മിയാണ് സംവരണത്തിന് എതിരെയും സംവരണാര്‍ഹരായ വിദ്യാര്‍ത്ഥികളെയും അധിക്ഷേപിച്ച് രംഗത്തെത്തിയതെന്നാണ് ആരോപണം.


കുറുവിലങ്ങാട് മഠം വിട്ട് പോകില്ല; നടപടിയെ നേരിടും: സിസ്റ്റര്‍ അനുപമ


അധ്യാപികക്ക് എതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന് പരാതിയും കോളെജില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പിള്‍ കോളെജില്‍ അടിയന്തര സ്റ്റാഫ് മീറ്റിംഗ് വിളിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് എസ്.എഫ്.ഐ പറയുന്നത് ഇപ്രകാരമാണ് “ഹാജര്‍ എടുക്കുന്ന സമയത്ത് സംസാരിച്ചു എന്നാരോപിച്ച് അധ്യാപിക ചില വിദ്യാര്‍ത്ഥികളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി”, “സംവരണത്തിന്റെ ഔദാര്യം കിട്ടുന്നവര്‍ വര്‍ത്തമാനം പറയേണ്ട” എന്നും “നിങ്ങള്‍ നല്ല പിള്ളേരുടെ അവസരം കളഞ്ഞു എന്നും അധ്യാപിക പറഞ്ഞു.

ജാതീയമായ അധിക്ഷേപം നടത്തിയ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയില്‍ എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിലെ ഒ.ബി.സി സമുദായത്തില്‍ പെട്ട വിദ്യാര്‍ഥിനിയോടുള്‍പ്പെടെയാണ് അദ്ധ്യാപിക ഇത്തരത്തില്‍ സംസാരിച്ചതെന്നും എസ്.എഫ്.ഐ പറഞ്ഞു.

ഭരണഘടന പഠിപ്പിക്കുന്ന അദ്ധ്യാപിക തന്നെ സംവരണത്തിനെതിരെ സംസാരിക്കുകയും സംവരണത്തിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഈ പ്രവണത ജനാധ്യപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും എസ്.എഫ്.ഐ പറഞ്ഞു.

We use cookies to give you the best possible experience. Learn more