അയ്യന്‍കാളി ദിനത്തില്‍ അവധി അനുവദിക്കാതെ കോഴിക്കോട്ടെ ഗോകുലം പബ്ലിക് സ്‌കൂള്‍; പ്രളയം മൂലം ക്ലാസ് നഷ്ടപ്പെട്ടെന്നും പ്രത്യേക പരിപാടികള്‍ ഉണ്ടെന്നും വിശദീകരണം
കോഴിക്കോട്: അയ്യന്‍കാളി ദിനമായ ഇന്ന് പൊതു അവധിയായിരിക്കെ അവധി അനുവദിക്കാതെ കോഴിക്കോട് ഗോകുലം പബ്ലിക് സ്‌കൂള്‍. സാധാരണ ദിവസം പോലെ ഇന്നും ഒന്നാം ക്ലാസ് മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുന്നുണ്ട്.
കെ.ജി വിഭാഗത്തിന് മാത്രമാണ് അവധി നല്‍കിയിരിക്കുന്നത്. അയ്യന്‍കാളി ദിനമായ ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തി ദിനമാക്കിക്കൊണ്ടുള്ള ഗോകുലം പബ്ലിക് സ്‌കൂളിന്റെ നടപടി.
സ്‌കൂളില്‍ ഇന്ന് ഇന്‍വെസ്റ്റിച്ചര്‍ ഡേ നടക്കുന്നുണ്ടെന്നും ഇതിന്റെ കൂടി ഭാഗമായിട്ടാണ് സ്‌കൂളിന് ഇന്ന് പ്രവര്‍ത്തി ദിനമാക്കിയതെന്നുമാണ് പ്രിന്‍സിപ്പല്‍ മനോഹരന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട് നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട കാരണം പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതുണ്ടെന്നും അതിനാലാണ് ഇന്ന് സ്‌കൂളിന് പ്രവര്‍ത്തി ദിനമാക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം.
”സ്‌കൂളില്‍ ഇന്ന് ഇന്‍വെസ്റ്റിച്ചര്‍ ഡേ സെറിമറി നടക്കുന്നുണ്ട്. അത് നേരത്തെ തന്നെ പ്ലാന്‍ ചെയ്തതാണ്. ആ പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കേണ്ടതുണ്ട്. കാരണം സ്റ്റുഡന്റ് കൗണ്‍സില്‍ ആണ് ചാര്‍ജ് എടുക്കുന്നത്. രണ്ട് മണിക്കാണ് പരിപാടി. അതുകൊണ്ട് തന്നെ രാവിലെ സ്‌പെഷ്യല്‍ ക്ലാസ് വെച്ചതാണ്.
കെ.ജി സെക്ഷനും പ്ലേ ക്ലാസ് സെക്ഷനും ഇന്ന് ക്ലാസ് വെച്ചിട്ടില്ല. റെഗുലര്‍ ക്ലാസ് അല്ല നടക്കുന്നുണ്ട്. കുട്ടികളുടെ സൗകര്യത്തിന് സ്‌കൂള്‍ ബസ് ഓടുന്നുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ക്ലാസ് നഷ്ടപ്പെട്ട കാരണം പരീക്ഷയ്ക്ക് മുന്‍പായി പാഠഭാഗങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് സ്‌പെഷ്യല്‍ ക്ലാസ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ ഇന്ന് വരണമെന്ന് ആവശ്യപ്പെട്ടത് ഇന്‍വെസ്റ്റിച്ചര്‍ സെറിമണിയില്‍ നടക്കുന്നതുകൊണ്ടാണ്. ”- എന്നായിരുന്നു അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ഗോകുലം ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ വി.സി പ്രവീണ്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
അയ്യന്‍കാളി ദിനമായ ബുധനാഴ്ച കെ.ജി സെക്ഷന്‍ ഒഴിച്ചുള്ള ക്ലാസുകള്‍ക്ക് സാധാരണ ടൈംടേബിള്‍ പ്രകാരം രാവിലെ 8.40 മുതല്‍ 3.50 വരെ ക്ലാസ് നടക്കുമെന്നും രണ്ട് മണിക്ക് ഇന്‍വെസ്റ്റിച്ചര്‍ ഡേ നടക്കുമെന്നും കാണിച്ച് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ അയ്യന്‍കാളി ദിനത്തിലെ പൊതുഅവധി അട്ടിമറിക്കാനാണ് സ്വകാര്യ സ്‌കൂളുകളുടെ ഈ നടപടിയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
2014 മുതലാണ് അയ്യന്‍കാളി ജയന്തി ദിനം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങളും സമരങ്ങളും നടന്നതിനു ശേഷമായിരുന്നു ഇത്തരമൊരു തീരുമാനം പ്രാബല്യത്തില്‍ വന്നത്.
2015 ലും 2016 ലും അന്നേ ദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിയിരുന്നു. എന്നാല്‍ 2017 ഓഗസ്റ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് ഈ ദിവസത്തെ അവധി റദ്ദാക്കി ഉത്തരവ് പുറത്തുവന്നിരുന്നു.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കുകയായിരുന്നു.