| Saturday, 4th April 2020, 10:14 am

കൊവിഡ് 19; കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് 19 നുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത് അഞ്ച് പേര്‍ മാത്രം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ബുധനാഴ്ചയും ഒരാള്‍ക്ക് രോഗം ഭേദമായിരുന്നു.

ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു കാസര്‍കോട് സ്വദേശിയും അസുഖം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ വരെ ആകെ 21,934 പേരാണ് നിരീക്ഷണത്തിലുള്ളത്. 13 പേര്‍ ഉള്‍പ്പെടെ 26 പേരാണ് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. 15 പേരെ മെഡിക്കല്‍ കോളേജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഇന്നലെ 16 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ആകെ 297 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 274 എണ്ണത്തിന്റെ ഫലവും ലഭിച്ചു. ഇതില്‍ 264 എണ്ണം നെഗറ്റീവാണ്.

അസുഖം ഭേദമായവര്‍ ഉള്‍പ്പെടെ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും രണ്ട് കാസര്‍ഗോഡ് സ്വദേശികളുമാണ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കണ്‍ട്രോള്‍റൂമിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ്ലൈനിലൂടെ 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുള്ള ആദ്യ പരിശോധന നടത്തുക.

കൊവിഡ് ബാധിച്ച് രോഗിമരിച്ചതിനെത്തുടര്‍ന്ന് ഇവിടെ പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് രോഗിയുമായി അടുത്തിടപഴകിയവരുടെ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും.

റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തിയതായി മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര മണിക്കൂര്‍ മാത്രമാണ് ടെസ്റ്റ് റിസള്‍ട്ടിനുള്ള സമയം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more