രണ്ടാഴ്ചയ്ക്കുള്ളില്‍ 7500 ലേറെ കേസുകള്‍, കോഴിക്കോട്ടെ സ്ഥിതി അതീവ ഗൗരവമെന്ന് കളക്ടര്‍; നിര്‍ദേശങ്ങള്‍
Kerala
രണ്ടാഴ്ചയ്ക്കുള്ളില്‍ 7500 ലേറെ കേസുകള്‍, കോഴിക്കോട്ടെ സ്ഥിതി അതീവ ഗൗരവമെന്ന് കളക്ടര്‍; നിര്‍ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2020, 5:41 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം അതീവ രൂക്ഷമെന്ന് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു. രണ്ടാഴ്ചയ്ക്കുള്ളില്‍ 7500 ലേറെ പുതിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതെന്നും സ്ഥിതി അതീവ ഗൗരവമാണെന്നും കളക്ടര്‍ പറഞ്ഞു.

വളരെ ഗൗരവപൂര്‍വം തന്നെ ഈ സാഹചര്യത്തെ കാണണം. ജാഗ്രതക്ക് വീഴ്ച സംഭവിച്ചാല്‍ വലിയ വില തന്നെ നമ്മള്‍ നല്‍കേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗ വ്യാപനം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നമ്മുടെ ജില്ലയിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏഴായിരത്തിയഞ്ഞൂറിലേറെ പുതിയ കേസുകളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ടാഴ്ചക്കുള്ളില്‍ 4 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുന്ന തരത്തിലാണ് രോഗ പകര്‍ച്ച ഉണ്ടായിരിക്കുന്നത്.

രോഗബാധിതരായവരില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത് എന്നത് നമ്മള്‍ വളരെ ഗൗരവപൂര്‍വം കാണണം.
ഇതുവരെ 64 കൊവിഡ് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നമ്മുടെ ജാഗ്രതക്ക് വീഴ്ച സംഭവിച്ചാല്‍ വലിയ വില തന്നെ നല്‍കേണ്ടി വരും. രോഗപകര്‍ച്ച രൂക്ഷമാക്കുന്ന ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പൊതു ഇടങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല.

എല്ലാ സ്ഥാപന ഉടമകളും, തൊഴില്‍ ദാതാക്കളും അവരുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും രണ്ടു ലയര്‍ ഉള്ള തുണി മാസ്‌കുകളും, അതോടൊപ്പം പൊതുജനങ്ങള്‍ക്കായി സാനിറ്റൈസറുകളും ലഭ്യമാക്കണം. കടകളില്‍ സാമൂഹിക അകലം (6 അടി ) കൃത്യമായി പാലിക്കണം. കൃത്യമായ സാമൂഹിക അകലം (6 അടി) പാലിച്ചുകൊണ്ട് ഒരേ സമയം എത്രപേര്‍ക്ക് സ്ഥാപനത്തില്‍ പ്രവേശിക്കാമെന്ന് പുറത്ത് വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. അത് പാലിക്കപ്പെടുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

ഈ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന അനുമതി റദ്ദാക്കുകയും, കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങള്‍ എല്ലാവരും രണ്ട് ലെയറുകള്‍ ഉള്ള തുണി മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.

ക്വിക്ക് റെസ്‌പോണ്‍സ് ടീം ലീഡര്‍, വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള റവന്യൂ അധികാരികള്‍, സബ് ഇന്‍സ്പക്ടറും അതിന് മേലെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനും, നിയമ ലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്.

നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ എഴുതി.

Content Highlight: Kozhikkode Collector A Sambasiva Rao About District Covid Situation