കോഴിക്കോട്: കോഴിക്കോടിനെയും മലപ്പുറത്തിനെയും നിപ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദയില്‍ നടന്ന നിപ വൈറസിനെതിരെ പോരാടിയവരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.
ജൂണ്‍ മുപ്പത് വരെയായിരുന്നു ജാഗ്രത സമയം. തുടര്‍ന്നാണ് ഇന്ന് ഇരു ജില്ലകളെയും നിപ രഹിത ജില്ലയായി പ്രഖ്യാപിച്ചത്. നിപ നിയന്ത്രണവിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരവും ചടങ്ങില്‍ വിതരണം ചെയ്തു.
രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്കുള്ള ആദരം ചടങ്ങില്‍ ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാംപ് ചെയ്ത് മുഴുവന്‍ സമയവും തങ്ങളുടെ സേവനം നല്‍കിയ ഡോക്ടര്‍മാരെയും മറ്റ് പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.
രണ്ട് മരണങ്ങള്‍ സംഭവിച്ച ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചെങ്കിലും സംഭവങ്ങളുടെ ഗൗരവം മനസിലായപ്പോള്‍ എല്ലാ പിന്തുണയും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായതായും മന്ത്രി പറഞ്ഞു.
യു.എന്നും , ഡബ്ല്യു .എച്ച്. ഒയും കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു. രോഗം ഇത്രമാത്രം വേഗത്തില്‍ പിടിച്ചുകെട്ടാനും പരിഹരിക്കാനും നമുക്ക് കഴിഞ്ഞതെങ്ങനെയെന്ന് ലോകം കണ്ടുപഠിക്കുകയാണിപ്പോള്‍. നിലവിലെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.