കോഴിക്കോട്: ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പ്രതികരിച്ചു.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയാണ് ഷഹന. പറമ്പില്‍ ബസാറില്‍ വാടയ്ക്ക് താമസിക്കുന്ന ഷഹനയെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
എന്നാല്‍ ഇരുവരും താമസിക്കുന്ന സ്ഥലത്തേക്ക് പല തവണ തങ്ങള്‍ പോകാന്‍ ശ്രമിച്ചെങ്കിലും സജ്ജാദും സുഹൃത്തുക്കളും ചേര്‍ന്ന് അത് തടഞ്ഞെന്നും ഷഹനയുടെ കുടുംബം പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ട്. അവള്‍ തൂങ്ങിമരിക്കില്ല. സാമ്പത്തിക പ്രശ്‌നമൊന്നും അവള്‍ക്കില്ല. ഇത് കൊലപാതകമാണ്. അതില്‍ സംശയമില്ല. എനിക്കൊരു ജോലിയുണ്ടെന്നും നന്നായി ജീവിച്ചു കാണിക്കണമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. പലപ്പോഴും പണത്തിന് വേണ്ടി ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.
അവള്‍ ബോള്‍ഡ് ആയിട്ടുള്ള ആളാണ്. അവള്‍ അങ്ങനെ ചെയ്യില്ല. അവനെ സംശയിക്കാന്‍ കാരണമുണ്ട്. സംഭവം നടന്ന ശേഷം ആളുകള്‍ ഓടിക്കൂടുമ്പോള്‍ ബോഡി അവന്റെ മടിയിലായിരുന്നു. ജനലില്‍ തൂങ്ങിയെന്നാണ് അവന്‍ പറയുന്നത്. അതില്‍ ഞങ്ങള്‍ക്ക് സംശമുണ്ട്, ഷഹനയുടെ സഹോദരന്‍ പറഞ്ഞു.
ഒരു തമിഴ് മൂവിയില്‍ അവള്‍ ഹീറോയിന്‍ ആയിരുന്നു. അതിന്റെ പ്രതിഫലത്തിന് വേണ്ടി അവന്‍ പല രീതിയില്‍ അവളെ ഉപദ്രവിച്ചിരുന്നു. അക്കാര്യം ഷഹന എന്നോട് പറഞ്ഞിട്ടുമുണ്ട്. അവന് വേണമെങ്കില്‍ കൊടുത്തേക്ക് പ്രശ്‌നമുണ്ടാക്കേണ്ട എന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്. 11ാം തിയതി വിളിച്ചിട്ട് ഒരു വര്‍ക്കിന്റെ ചെക്ക് കിട്ടിയിട്ടുണ്ട് എന്ന് അവള്‍ പറഞ്ഞിരുന്നു. എന്താണ് അതിന് ശേഷം നടന്നത് എന്ന് അറിയില്ല, സഹോദരന്‍ പറഞ്ഞു.
പെരുന്നാള്‍ കഴിഞ്ഞിട്ട് വരാമെന്ന് മകള്‍ തന്നോട് പറഞ്ഞിരുന്നെന്നും മരിക്കുന്നത് അവള്‍ക്ക് ഭയമാണെന്നും ജീവിച്ച് കാണിക്കണമെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നെന്നും ഷഹനയുടെ ഉമ്മ പറഞ്ഞു.
അവളെ ജീവിക്കാന്‍ വിടില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. 25 പവന്‍ കൊടുത്തിട്ടാണ് വിവാഹം കഴിപ്പിച്ചത്. അതെല്ലാം അവന്‍ നഷ്ടപ്പെടുത്തി. എനിക്ക് നാട്ടിലേക്ക് വരണമെന്നും എന്നെ ഇവിടെ ബന്ദിയാക്കിയിരിക്കുകയാണെന്നും മകള്‍ ഫോണില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞ് ഞങ്ങള്‍ അവിടെ ചെന്നെങ്കിലും ഞങ്ങളെ അവിടേക്ക് കയറ്റിയില്ല. ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.
സംഭവത്തില്‍ പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ചെന്നപ്പോള്‍ അവിടെ ഇവനും ഇവന്റെ കൂട്ടുകാരും അവളേയും കൂട്ടി വന്നിട്ട് ഞങ്ങളെ സമാധാനപ്പെടുത്തി അവളെ തിരിച്ചുകൊണ്ടുപോയി. അവന്‍ തന്നെ കൊല്ലുമെന്ന് മകള്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. എന്റെ കുട്ടി മരിക്കില്ല. കുട്ടി താമസിക്കുന്ന സ്ഥലം ഇതുവരെ ഞങ്ങളെ കാണിച്ചിട്ടില്ല. മരിച്ച സ്ഥലം പോലും ഞങ്ങള്‍ കണ്ടിട്ടില്ല, ഷഹനയുടെ ഉമ്മ പറഞ്ഞു.