| Friday, 23rd April 2021, 9:36 am

ഉദ്ഘാടനം കഴിഞ്ഞ തുണിക്കട നാലാംദിവസം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പറമ്പില്‍ബസാറിലെ ‘മമ്മാസ് ആന്‍ഡ് പപ്പാസ്’ റെഡിമെയ്ഡ്‌സ് ഷോപ്പ് ഉദ്ഘാടനം കഴിഞ്ഞ് നാലാംദിവസം തീവെച്ചു നശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

താമരശ്ശേരി പണ്ടാരക്കണ്ടിയില്‍ നൗഷാദിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതിയായ താമശ്ശേരി മഞ്ജു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീഖ് ഒളിവിലാണ്. റഫീഖിന്റെ അടുത്ത സുഹൃത്താണ് അറസ്റ്റിലായ നൗഷാദ്.

പ്രതികള്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കണ്ടെത്തി. മുഖ്യപ്രതിയ്ക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളില്‍ കടയുടമ ഇടപെട്ടതിലുള്ള വിരോധമാണ് കട നശിപ്പിക്കാന്‍ പ്രേരണയായതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.

മുഖ്യപ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുരുവട്ടൂര്‍ സ്വദേശിയുടെ പറമ്പില്‍ ബസാറിലെ രണ്ട് നിലയുള്ള റെഡിമെയ്ഡ് ഷോപ്പ് പുലര്‍ച്ചെയെത്തിയ സംഘം തീവെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തീവെച്ചതിന് ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു.

മുഖ്യപ്രതിയെ വിദേശത്തു നിന്നും നാട്ടിലെത്തിക്കാനുള്ള നടപടികളിലാണ് പൊലീസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kozhikkod readymades case

We use cookies to give you the best possible experience. Learn more