കോഴിക്കോട് മോണോ റെയില്‍: പദ്ധതി രൂപ രേഖ സമര്‍പ്പിക്കും
Kerala
കോഴിക്കോട് മോണോ റെയില്‍: പദ്ധതി രൂപ രേഖ സമര്‍പ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th June 2012, 8:31 am

കോഴിക്കോട്: കോഴിക്കോട് മോണോറെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ഇന്ന് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേംബറില്‍ വൈകുന്നേരം അഞ്ചിന് ചേരുന്ന യോഗത്തില്‍ ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടല്‍,മുഖ്യമന്ത്രി ചെയര്‍മാനായി കമ്പനി രൂപീകരിക്കല്‍,മൂല ധനശേഖരണം എന്നിവ സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 1750 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാവൂര്‍ റോഡ്,മാനാഞ്ചിറ,പാളയം,മൊഫ്യൂസില്‍ ബസ് സ്റ്റാന്റ്,കല്ലായ്,റെയില്‍വേ സ്റ്റേഷന്‍ എന്നിവയിലൂടെയാണ് പാത കടന്നുപോകുക.ഒരു കിലോമീറ്റര്‍ ദൂരത്തിന് 80 കോടിയോളം രൂപയാണ് ചിലവ പ്രതീക്ഷിക്കുന്നത്.റോഡിന്റെ നടുവിലൂടെ പില്ലറുകള്‍ സ്ഥാപിച്ച ഒരുക്കുന്ന മോണോ റെയിലില്‍ ഒരു കിലോമീറ്റര്‍ ഇടവിട്ട് കോറിഡോര്‍ സ്‌റ്റേഷനുകളുണ്ടാകും.

കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയുള്ള 13 കിലോമീറ്റര്‍ ദൂരം ആദ്യഘട്ടത്തിലും മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയുള്ള പത്ത് കിലോമീറ്റര്‍ രണ്ടാംഘട്ടത്തിലുമാണ് ഉള്‍പ്പടുത്തുക.

പദ്ധതിയുടെ നടത്തിപ്പിനായി ഡി.എം.ആര്‍.സിയുടെ പ്രൊജക്ട് ഓഫീസ് മൂന്ന മാസങ്ങള്‍ക്ക് മുമ്പ് ചാലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിന് മോണോ റെയിലിലൂടെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.