| Friday, 26th July 2019, 8:07 am

കോഴിക്കോട് വിമാനത്താവളവും സ്വകാര്യ വല്‍ക്കരിക്കുന്നു; ആദ്യഘട്ട പരിശോധനകള്‍ തുടങ്ങി എയര്‍പോര്‍ട്‌സ് അതോറിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പത്തു വിമാനത്താവളങ്ങളാണ് എയര്‍പോര്‍ട്‌സ് അതോറിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളത്. സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കി ആദ്യഘട്ട പരിശോധനകള്‍ക്ക് എയര്‍പോര്‍ട്‌സ് അതോറിറ്റി തുടക്കമിട്ടു.

ജൂലൈ 22നു ദല്‍ഹിയില്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ആസ്ഥാനത്ത് ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പത്ത് വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

തുടര്‍ന്ന് ഓരോന്നിന്റെയും സാധ്യതകള്‍, സവിശേഷതകള്‍, പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വിശദീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അതോറിറ്റിക്ക് കീഴിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് യൂണിറ്റിനോട് നിര്‍ദേശിച്ചു.

കോഴിക്കോടിന് പുറമെ ടൃച്ചി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, പട്‌ന, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, റായ്പൂര്‍, റാഞ്ചി എന്നീ വിമാനത്താവളങ്ങളാണ് പുതിയ പട്ടികയിലുള്ളത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരെ കേരളം പ്രതിഷേധം ഉയര്‍ത്തിരിക്കെയാണ് കോഴിക്കോടും പട്ടികയിലേക്ക് വരുന്നത്.

തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തെ പാട്ടത്തിന് നല്‍കാനായിരുന്നു ആദ്യ തീരുമാനം. ആറ് വിമാനത്താവളങ്ങളുടെയും ടെന്‍ഡറില്‍ അദാനി ഗ്രൂപ്പ് ഒന്നാമത് എത്തുകയും ചെയ്തു.

എന്നാല്‍ വിമാനത്താവളം വിട്ടുനല്‍കുന്നതില്‍ കേരളം വിയോജിപ്പ് അറിയിച്ചതിനാല്‍ തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ മാത്രം അന്തിമ ധാരണയെത്തിയിട്ടില്ല. ഇതിനിടെയാണ് കോഴിക്കോട് വിമാനത്താവളവും സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്.

അതേസമയം വിമാനത്താവളത്തിനായി ടിയാല്‍ എന്ന പേരില്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഉറപ്പുവരുത്താന്‍ കേരളം ശ്രമം തുടരുകയുമാണ്.

We use cookies to give you the best possible experience. Learn more