| Wednesday, 3rd July 2024, 12:19 pm

ഒരു ഇന്റര്‍നാഷണല്‍ മലയാളിയുടെ എഴുപത് വര്‍ഷങ്ങള്‍

റശീദ് പുന്നശ്ശേരി

ഇരുപതാം വയസ്സില്‍ തൊഴിലന്വേഷിച്ച് നാട് വിട്ട് പോയ ഒരാള്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജന്മ നാട്ടില്‍ ബലിപെരുന്നാള്‍ കൂടുന്നുവെന്ന യാദൃശ്ചികത പറഞ്ഞപ്പോള്‍ കോയക്കുട്ടി സാഹിബ് നിഷ്‌കളങ്കമായി പുഞ്ചിരിച്ചു. തൊണ്ണൂറ് വയസ്സിന്റെ ഓര്‍മകളിലിപ്പോഴും കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ എന്ന ഗ്രാമത്തിലെ മണല്‍ വഴികളിലൂടെ കളിച്ചു നടന്ന ബാല്യത്തിലെ കളിയാരവങ്ങള്‍ പെയ്തിറങ്ങിയ അനുഭൂതി.

മാട്ടൂല്‍ നോര്‍ത്തിലെ വീടിനടുത്ത പള്ളിയില്‍ വീണ്ടുമൊരു പെരുന്നാള് കൂടിയപ്പോള്‍ ഓര്‍മകള്‍ കൊണ്ട് മഹാപ്രളയം തീര്‍ക്കുന്ന മനസ്സും സ്‌നേഹം കൊണ്ട് വിരുന്നൂട്ടുന്ന മരുമക്കളും ബന്ധുക്കളും സുഹൃത്തുക്കളും കൂടെപ്പിറപ്പുകളില്‍ അവശേഷിക്കുന്ന ഏക സഹോദരിയുമെല്ലാം ജീവിത സായാഹ്നത്തിലെ മധുരിക്കുന്ന നിമിഷങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

സംഭവ ബഹുലമായ ജീവിതം കൊണ്ട് മലയാളികള്‍ക്ക് അഭിമാനകരമായ ഉയരങ്ങളിലേക്ക് സഞ്ചരിച്ച ഈ ഇന്റര്‍നാഷണല്‍ മലയാളിയുടെ വഴികളെല്ലാം വേറിട്ടതായിരുന്നു.

ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇംഗ്ലീഷ്-ഇസ്ലാമിക് പുസ്തക പ്രസാധനാലയമായ മലേഷ്യയിലെ ഇസ്ലാമിക് ബുക് ട്രസ്റ്റ് (ഐ ബി ടി) എന്ന സംരംഭത്തിന്റെ അമരക്കാരന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍, വിജ്ഞാനദാഹിയായ അന്വേഷകന്‍, അങ്ങിനെ ഒട്ടേറെ വിശേഷണങ്ങളുള്ള കോയ സാഹിബിന്റെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്.

കോയ

ഈ പ്രായത്തിലും സ്വന്തമായി കാറോടിച്ച് ദിവസവും ഓഫീസിലെത്തുകയും പുസ്തകങ്ങള്‍ എഡിറ്റ് ജോലികള്‍ ചെയ്യലുമൊക്കെ അദ്ദേഹത്തിന്റെ ദിനചര്യകളാണ്.

കുട്ടിക്കാലത്ത് മാട്ടൂലില്‍ നിന്ന് കാല്‍ നടയായി നാട്ടിടവഴികളും തോടും പാടവും താണ്ടി ഏഴ് കിലോ മീറ്റര്‍ നടന്ന് ചെറുകുന്ന് സ്‌കൂളിലേക്കുള്ള യാത്രകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ബാല്യത്തിന്റെ നൈര്‍മല്യമുള്ളൊരു പുഞ്ചിരി തെളിഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം. മാട്ടൂലിലെ വഴികളത്രയും മണല്‍ കൊണ്ട് സമ്പന്നമാണ്. കാലിലണിയാന്‍ ചെരിപ്പുകളൊന്നുമില്ല.ചൂടുള്ള മണലില്‍ കൂടിയുള്ള നടത്തം കാലിനെ പൊള്ളിക്കുമ്പോള്‍ വഴിയരികിലെ ചപ്പുകള്‍ (ഇലകള്‍) പറിച്ചെടൂത്ത് അല്‍പ നേരം അതില്‍ കയറി നില്‍ക്കും. അപ്പോള്‍ കാലിന് അല്‍പം ആയാസം ലഭിക്കും. വീണ്ടും നടത്തം.ചെറുകുന്നില്‍ റോഡുണ്ട്. അപൂര്‍വമായി ഒന്നോ രണ്ടോ കാറുകള്‍ കടന്നു പോകും.ആദ്യമായി വാഹനങ്ങള്‍ കണ്ടത് അവിടെ വെച്ചാണ്.

എട്ടാം തരം വരെ പഠിച്ചത് മാട്ടൂല്‍ മുസ്ലിം സ്‌കൂളിലാണ്. ആവശ്യത്തിന് അധ്യാപകരോ സൗകര്യങ്ങളോ ഇല്ലാത്ത സ്‌കൂളിലെ പഠനമൊക്കെ പേരിന് മാത്രമായിരുന്നു. എന്നാല്‍ ചെറുകുന്ന് ഹിന്ദു ബോഡ്‌ സ്കൂളില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. നല്ല അധ്യാപകരും സൗകര്യങ്ങളുമുണ്ടെങ്കിലും അക്കാലത്തെ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസത്തോടുള്ള മനോഭാവം കാരണം ആകെ മൂന്ന് മുസ്‌ലിം കുട്ടികളെ ഉണ്ടായിരുന്നുള്ളൂ പഠിക്കാന്‍.

സമപ്രായക്കാരെല്ലാം പഠനം ഉപേക്ഷിച്ച് കൂലിപ്പണികളില്‍ ഏര്‍പ്പെട്ട കാലം. ചുറ്റുമുള്ള മനുഷ്യര്‍ പാടത്തും പറമ്പിലും പണിയെടുത്ത് അരിഷ്ടിച്ച് ജീവിച്ചു പോകുന്നു. വളപട്ടണം പുഴയില്‍ ചൂണ്ടയിട്ടും മണല്‍ വാരിയും മരപ്പണിയെടുത്തും കഴിഞ്ഞു കൂടുന്നവരുമുണ്ട്.

ദാരിദ്ര്യം തന്നെയാണ് അക്കാലത്തിന്റെ പ്രത്യേകത. എങ്കിലും മനുഷ്യര്‍ പരസ്പരം സ്‌നേഹത്തില്‍ കഴിഞ്ഞു.സന്തോഷങ്ങള്‍ നാടിന്റെ ആഘോഷങ്ങളായിരുന്നു.

ഇതിനപ്പുറമുള്ള ലോകത്തെ കുറിച്ചതായിരുന്നു കോയ സാഹിബിന്റെ ചിന്തകള്‍. കണ്ണൂരിലും തലശ്ശേരിയിലുമൊക്കെയുള്ള പലരും മലേഷ്യയിലും ബര്‍മയിലും സിങ്കപ്പൂരിലുമൊക്കെ പോയി കച്ചവടങ്ങളിലും മറ്റും ഏര്‍പ്പെടുന്നതായി കേട്ടിട്ടുണ്ട്. വേറെ ചിലര്‍ ബോംബെയിലും മദിരാശിയിലുമൊക്കെ പോയി ജീവിക്കുന്നു. ഗള്‍ഫിനെ കുറിച്ചൊന്നും അന്നത്ര ഖ്യാതി ഇല്ല.

കോയ

ഇംഗ്‌ളീഷ് പഠിപ്പിക്കുന്ന കണ്ണന്‍ മാഷാണ് പുസ്തകങ്ങള്‍ കൊടുത്ത് വായിക്കാന്‍ പ്രേരിപ്പിച്ചത്. ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കല്‍ ഒരു ശീലമാക്കി. ഒഴിവ് സമയങ്ങള്‍ നാട്ടിലെ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ പേരിലുള്ള ലൈബ്രറിയില്‍ വായനയില്‍ മുഴുകിയിരുന്നു.

എങ്ങനെയെങ്കിലും നാട് വിടണമെന്ന ചിന്ത മനസ്സില്‍ കയറിയത് അക്കാലത്താണ്. വീട്ടില്‍ ഏഴ് മക്കളാണ്. നാല് ആണും മൂന്ന് പെണ്ണും. പക്ഷെ കൗമാരക്കാരന്റെ ആവേശത്തിന് ആരും യോജിപ്പ് പ്രകടിപ്പിച്ചില്ല. ബോംബെയിലേക്ക് നാട് വിടാനുള്ള ഒരു ശ്രമം പരാജയപ്പെട്ടു.

സ്‌കൂള്‍ പഠനം തുടര്‍ന്നു. അന്നത്തെ പതിനൊന്നാം ക്ലാസ് പാസായി. സര്‍ക്കാര്‍ ജോലിയൊന്നും എളുപ്പമല്ല. വയസ്സ് പത്തൊമ്പത് കഴിഞ്ഞു.നാട് വിടലിനുള്ള അര്‍ദ്ധസമ്മതം കിട്ടി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുടുംബാങ്ങങ്ങളെ പിരിഞ്ഞ് മദിരാശിയിലേക്ക് വണ്ടി കയറി. അവിടെ നാട്ടുകാരനായ മൂസാഹാജിയുടെ പ്ലാസ്റ്റിക് കമ്പനിയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. മദ്രാസില്‍ നിന്ന് സിംഗപ്പൂരിലേക്ക് കപ്പലുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വിമാനമൊക്കെ പണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ പറ്റാത്ത കാലം.

1953 ജൂണ്‍ 24ന് മദ്രാസ് തുറമുഖത്ത് നിന്ന് സിങ്കപ്പൂരിലേക്കുള്ള ജലഗോപാല്‍ എന്ന കപ്പലില്‍ ടിക്കറ്റെടുത്തു. ഭാഗ്യാന്വേഷികളായ അനേകം മലയാളികള്‍ക്കൊപ്പം സ്വപനങ്ങളെയെല്ലാം കൂടെ കൂട്ടി കോയക്കുട്ടി എന്ന കൗമാരക്കാരനും.

ദീര്‍ഘമായ യാത്രക്കൊടുവില്‍ സിങ്കപ്പൂരിലെത്തി. തലശ്ശേരിക്കാര്‍ പലരും ചെറിയ ഹോട്ടലുകളും കഫറ്റേരിയകളും ഗ്രോസറി ഷോപ്പുകളും നടത്തുന്നുണ്ട്. ഒരു ചെറിയ ഹോട്ടലില്‍ കോയ സാഹിബ് ജോലിക്ക് ചേര്‍ന്നു. പഠിക്കാനും വായിക്കാനും സമയം കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ഒഴിവ് സമയങ്ങളില്‍ ഉറങ്ങാന്‍ കിട്ടുന്ന ഇടവേളകളില്‍ പുസ്തകങ്ങള്‍ക്ക് പിന്നാലെ പോയി.

നൂറ് ഇന്ത്യന്‍ രൂപക്ക് അറുപത് സിങ്കപ്പൂര്‍ ഡോളര്‍ മൂല്യമുള്ള കാലത്തും ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് മണി വരെ പോലീസ് കാന്റീനില്‍ കാഷ്യറായി ജോലിയെടുക്കും. അത് കഴിഞ്ഞാല്‍ പഠനം. ബ്രിട്ടീഷുകാര്‍ നടത്തുന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് ബുക്ക് കീപ്പിംഗ് (അകൗണ്ട്‌സ്) പഠിക്കാന്‍ തുടങ്ങി. ബാക്കി സമയം ടൈപ്പ് റൈറ്റിങ് പരിശീലനം. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് സെക്രട്ടറീസില്‍ നിന്ന് ബിരുദം നേടി. ഇംഗ്‌ളീഷ് ഭാഷാ പഠനം ഉന്നത ജോലിയിലേക്കുള്ള വഴി എളുപ്പമാക്കി.

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളിലും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും സേവനം ചെയ്തു. ഇതിനകം സിങ്കപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചു. മലേഷ്യ രൂപീകൃതമായി. കോയക്കുട്ടി സാഹിബ് മലേഷ്യന്‍ പൗരത്വം സ്വീകരിച്ച് മലേഷ്യയിലെ സെന്‍ട്രല്‍ ബാങ്കായ ബാങ്ക് നഗാരയില്‍ നീണ്ട 25 വര്‍ഷങ്ങള്‍ ഉന്നത തസ്തികകളില്‍ സേവനം ചെയ്തു.

1958ല്‍ നാട്ടിലെത്തിയപ്പോള്‍ നാട്ടുകാരിയും ബന്ധുവുമായ ഫാത്തിമ ബീവിയെ വിവാഹം ചെയ്തു. നാല് മക്കള്‍ പിറന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ മലയാളം അവരുടെ ‘അടുക്കള ഭാഷയിലൊതുങ്ങി’. നാല് പേരും മലേഷ്യയിലെ വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ ഉന്നത ഉദ്യോഗസ്ഥരാണ്. അന്യ ദേശങ്ങളില്‍ ചേക്കേറുന്ന മലയാളികളുടെ അടുത്ത തലമുറ മലയാളവും കേരളവും മറക്കുന്നതിന്റെ പരിഭവങ്ങള്‍ അദ്ദേഹത്തിന്റ വാക്കുകളില്‍ നിഴലിച്ചു.

എഴുത്തുകാരന്‍, പ്രസാധകന്‍

സിംഗപ്പൂരിലെ രാത്രികാല പഠനത്തിനിടെയാണ് ഇംഗ്‌ളീഷ് വായന വീണ്ടും സജീവമായത്. അപൂര്‍വമായി ലഭിച്ച ഇസ്‌ലാമിക പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് കേരളം വിട്ട ശേഷം വീണ്ടും മതപരമായ പഠനങ്ങളിലേക്ക് നയിച്ചത്.

ലോക മുസ്‌ലിം സമൂഹത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ച് റീഡിങ് ഇന്‍ ഇസ്‌ലാം എന്ന മാഗസിന്‍ ആരംഭിച്ചു. പല ലേഖനങ്ങളും വിവര്‍ത്തനം ചെയ്ത് സ്വയം ടൈപ്പ് ചെയ്ത് അഞ്ഞൂറ് കോപ്പികള്‍ വീതം പ്രസിദ്ധീകരിക്കും. സാമ്പത്തിക ലാഭം ലക്ഷ്യമല്ല. താന്‍ വായിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കുകയായിരുന്നു മുഖ്യം.

ഇറാന്‍ വിപ്ലവ കാലത്ത് മാഗസിന്‍ കൂടുതല്‍ ശ്രദ്ദിക്കപ്പെട്ടു. ഇപ്പോഴത്തെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, മുഹമ്മദലി ക്ലേ തുടങ്ങിയ പലപ്രമുഖരും അദ്ദേഹത്തിന് പിന്തുണ നല്‍കി. 1993ല്‍ റിട്ടയര്‍ ചെയ്തതോടെ കൂടുതല്‍ സമയം എഴുത്തിനും വായനക്കും പ്രസാധനത്തിനുമായി നീക്കി വെക്കാനായി. പ്രമുഖ പത്രമായ ‘ഹറാറ’ക്ക് വേണ്ടിയും ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ആ സമയത്താണ് പുസ്തക പ്രസാധനം എന്ന ആശയമുദിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ബി.ടി ബുക്‌സ് എന്ന സ്ഥാപനത്തിലൂടെ ഇംഗ്ലീഷ് വയനക്കാര്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ കോയക്കുട്ടി സാഹിബ് മുന്നോട്ടു വന്നു. അതൊരു വന്‍ വിപ്ലവമായിരുന്നു.

ലാഭേച്ഛയില്ലാത്ത എന്‍.ജി.ഓ എന്ന രീതിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക പുസ്തക പ്രസാധകരാകാന്‍ ഇതിനകം ഐ.ബി.ടി.ക്ക് സാധിച്ചു. മൗലാനാ ആസാദിന്റെ ദി ഓപ്പണിങ് ചാപ്റ്റര്‍ ഓഫ് ഖുര്‍ആന്‍ ആയിരുന്നു ആദ്യ പുസ്തകം.

ഐ.ബി.ടി പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങള്‍

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട അല്ലാമാ അബ്ദുല്ല യൂസഫലിയുടെ ഖുര്‍ആന്‍ പരിഭാഷ ഇംഗ്ലീഷ് വയനക്കാര്‍ക്ക് സുപരിചിതമാക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. വിഖ്യാദ കൃതികളായ ഇഹ്യാ ഉലൂമുദ്ദീന്‍ ഇബ്‌നു അറബിയുടെ ഫുതൂഹാത് തുടങ്ങി മുന്നൂറിലധികം ഗ്രന്ദങ്ങള്‍ ഇംഗ്‌ളീഷ് വായനക്കാര്‍ക്ക് ഇതിനകം പരിചയപ്പെടുത്തി.

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ്, ആസ്ട്രേലിയ, കാനഡ തുടങ്ങി എല്ലാ രാജ്യങ്ങളിലും സ്ഥിര വായനക്കാരുണ്ട്. പലരും അദ്ദേഹവുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ട്. അമേരിക്കയിലെയും സിംഗപ്പൂരിലെയും മറ്റും ജയിലുകളിലേക്ക് ഓരോ വര്‍ഷവും ഖുര്‍ആന്‍ പരിഭാഷയടക്കമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറും അദ്ദേഹത്തിനുണ്ട്. ഓണ്‍ലൈന്‍ മുഖേനയും പുസ്തകങ്ങള്‍ ലഭ്യമാണ്.

തൊണ്ണൂറാം വയസ്സിലും ഹാജി കോയക്കുട്ടി കര്‍മ്മ നിരത്താനാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കൃത്യമായ പദ്ധതികള്‍ അദ്ദേഹത്തിനുണ്ട്. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തും. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങും. അതാണ് കഴിഞ്ഞ എഴുപത് വര്‍ഷത്തെ നാടുമായുള്ള ബന്ധം.

ഇക്കാലയളവില്‍ ഒരിക്കല്‍ പോലും അദ്ദെഅഹത്തിന് നാട്ടില്‍ പെരുന്നാള് കൂടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഒരിക്കല്‍ വന്നപ്പോള്‍ റബീഉല്‍ അവ്വല്‍ മാസമായിരുന്നു. നബിദിനവും മൗലിദ് പരിപാടികളും ഭക്ഷണവിതരണവുമൊക്കെയായി ആ അവധിക്കാലം അദ്ദേഹത്തിന് നവ്യാനുഭവമായിരുന്നു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം

ഒരു സഹോദരി ഒഴികെ കൂടെപ്പിറപ്പുകളെല്ലാം ഇതിനിടെ വിടപറഞ്ഞു. തലമുറകള്‍ രണ്ടും മൂന്നും പിറന്നു. കുടുംബാംഗങ്ങള്‍ വര്‍ദ്ദിച്ചു. വീടുകളുടെ എണ്ണം പെരുകി. പഴയ നാട്ടു വഴികള്‍ റോഡുകളായി, അതിലൂടെ ഓരോ വീട്ടിലേക്കും കാറുകളും ബൈക്കുകളും പാഞ്ഞു പോകുന്നു. എങ്കിലും പ്രവാസിയോടുള്ള നാട്ടുകാരുടെ മാനസികാവസ്ഥ മാത്രം ഇപ്പോഴും പഴയ പടി നിലനില്‍ക്കുന്നുവെന്ന് കോയ സാഹിബ് പാതി തമാശ ചേര്‍ത്ത് പറഞ്ഞു.

ഇത്തവണ ഒരാഴ്ചയോളമാണ് അദ്ദേഹം നാട്ടില്‍ ചെലവഴിച്ചത്. കോഴിക്കോട് യൂണിവേഴ്സിറ്റ, മര്‍കസ് നോളജ് സിറ്റി, ഫാറൂഖ് കോളേജ്, കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിരുന്നു.

ഏഴ് പതിറ്റാണ്ട് കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗവും അടിസ്ഥാന സൗകര്യങ്ങളും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കടല്‍ കടന്നവരില്‍ നിന്ന് ജീവിത സൗകര്യങ്ങള്‍ കൊണ്ട് കടല്‍ കടക്കുന്നവരാണ് പുതിയ മലയാളികള്‍.

വേറിട്ട വഴികളില്‍ ഇനിയും ഏറെ ചെയ്ത് തീര്‍ക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഇപ്പോഴും ശ്രമം നടത്തുന്ന ഈ ഇന്റര്‍നാഷണല്‍ മലയാളിയില്‍ നിന്ന് നാം ഇനിയുമേറേ പഠിക്കേണ്ടതുണ്ട്.

content highlights: Koya’s life story as a Malaysian Malayali and IBT publisher

റശീദ് പുന്നശ്ശേരി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more