| Sunday, 3rd June 2018, 1:39 pm

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നിലെത്തിയ ആദ്യ ദയാഹരജി തള്ളി; തള്ളിയത് ഒരു കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന പ്രതിയുടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ലഭിച്ച ആദ്യദയാഹരജി തള്ളി രാംനാഥ് കോവിന്ദ്. അഞ്ച് കുട്ടികളെയടക്കം ഒരു കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജിയാണ് രാഷ്ട്രപതി തള്ളിയത്.

പോത്തിനെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. 2006 ല്‍ ബീഹാറിലെ വൈശാലി ജില്ലയിലായിരുന്നു സംഭവം. വിജേന്ദ്ര മഹ്‌തോയേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറ് പേരേയുമായിരുന്നു അതിക്രൂരമായി കൊലപ്പെടുത്തിയത്.

പോത്തിനെ കാണാതായതുമായി ബന്ധപ്പെട്ട് വിജേന്ദ്ര മഹ്‌തോ 2005 സെപ്റ്റംബറില്‍ വാസിര്‍ റായ്, അജയ് റായ് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും വിജേന്ദ്രയെ സമീപിച്ചു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ഇദ്ദേഹം അറിയിച്ചു.


Dont Miss മരിച്ചവര്‍ക്കും ഡ്രൈവിങ്ങ് ലൈസന്‍സ്: മഥുരയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്


ഇതിന് പിന്നാലെ വാസിര്‍ റായ് വിജേന്ദ്രയുടെ വീട്ടിലെത്തുകയും വീടിന് തീകൊളുത്തകയുമായിരുന്നു. വിജേന്ദ്രയും ഭാര്യയും അഞ്ചുകുട്ടികളുമടക്കം അന്ന് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജേന്ദ്ര ഏതാനും മാസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണപ്പെട്ടത്.

ലോക്കല്‍ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീം കോടതി 2013 ല്‍ ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതിക്ക് മുന്‍പില്‍ ദയാഹരജിയുമായി പ്രതി എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട് അറിയാനായി രാഷ്ട്രപതിയുടെ ഓഫീസ് വിഷയം മാറ്റിവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ രാഷ്ട്രപതിക്ക് മുന്‍പില്‍ ആദ്യം എത്തിയ ദയാഹരജിയായിരുന്നു ഇത്. ഭരണഘടനയിലെ 72 ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിച്ച പ്രതിയ്ക്ക് മാപ്പ് നല്‍കാനും വധശിക്ഷയില്‍ ഇളവ് നല്‍കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.

We use cookies to give you the best possible experience. Learn more