'ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്' സമ്പ്രദായമാണ് ആവശ്യം: സര്‍ജിക്കല്‍ സ്‌ട്രൈക്കിനേയും പൗരത്വ രജിസ്റ്ററിനേയും പുകഴ്ത്തി രാഷ്ട്രപതി
India
'ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്' സമ്പ്രദായമാണ് ആവശ്യം: സര്‍ജിക്കല്‍ സ്‌ട്രൈക്കിനേയും പൗരത്വ രജിസ്റ്ററിനേയും പുകഴ്ത്തി രാഷ്ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 12:43 pm

 

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ടുവരികയെന്നതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമ്പ്രദായം ആണ് രാജ്യത്തിന് ആവശ്യം. അങ്ങനെയെങ്കില്‍ മാത്രമേ രാജ്യത്തിന് വേഗത്തില്‍ വളരാന്‍ കഴിയൂ.’ അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും അദ്ദേഹം നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. ‘ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്നുവരുന്ന വിദേശികള്‍ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന മേഖലകളില്‍ എന്‍.ആര്‍.സി നടപ്പിലാക്കാന്‍ എന്റെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.’ രാംനാഥ് കോവിന്ദ് പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് അവകാശവാദത്തേയും അദ്ദേഹം നയപ്രഖ്യാപനത്തില്‍ പുകഴ്ത്തി. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും പിന്നീട് പുല്‍വാമ ആക്രമണത്തിനു പിന്നാലെ അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയും ഇന്ത്യ അതിന്റെ ശക്തി തെളിയിച്ചിരിക്കുകയാണ്. സ്വയം രക്ഷിക്കാന്‍ ഭാവിയും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കള്ളപ്പണത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 4.25 ലക്ഷം ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും 3.50 ലക്ഷം കമ്പനികളെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.